ബയേണിന്റെ മോഹം തകര്‍ത്ത് ഫ്രാങ്ക്ഫര്‍ട്
ബെര്‍ലിന്‍: സീസണില്‍ ഇരട്ട കിരീട നേട്ടം സമ്മാനിച്ച് കോച്ചിങ് കരിയറിന്റെ രണ്ടാം ഘട്ടത്തിന് വിരാമമിടാമെന്ന ജുപ് ഹെയ്നക്സിന്റെ മോഹം നടന്നില്ല. ബുണ്ടസ് ലീഗയ്ക്ക് പിന്നാലെ ജര്‍മന്‍ കപ്പും സ്വന്തമാക്കാനിറങ്ങിയ കരുത്തരായ ബയേണ്‍ മ്യൂണിക്കിനെ 3-1ന് അട്ടിമറിച്ച് എയ്ന്റര്ട് ഫ്രാങ്ക്ഫര്‍ട് ജര്‍മന്‍ കപ്പില്‍ മുത്തമിട്ടു. 1988ലാണ് അവസാനമായി അവര്‍ ജര്‍മന്‍ കപ്പ് കിരീട നേട്ടമാഘോഷിച്ചത്. 30 വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഫ്രാങ്ക്ഫര്‍ട് കപ്പ് വീണ്ടും തങ്ങളുടെ ഷോക്കേസിലെത്തിച്ചു.
രണ്ട് വര്‍ഷമായി ഫ്രാങ്ക്ഫര്‍ടിനെ പരിശീലിപ്പിക്കുന്ന നികോ കോവാക്ക് ടീമിനൊപ്പം ആദ്യ കിരീട നേട്ടം ആഘോഷിച്ചു. അടുത്ത സീസണില്‍ ബയേണിന്റെ പരിശീലകനായി ചേക്കേറുന്ന മുന്‍ ക്രൊയേഷ്യന്‍ താരം കൂടിയായ കൊവാക്കിന് കിരീട നേട്ടത്തോടെ മടങ്ങാന്‍ സാധിച്ചതും അഭിമാന നിമിഷമായി.
അടുത്ത സീസണില്‍ പരിശീലിപ്പിക്കാനൊരുങ്ങുന്ന കരുത്തരായ ബാവേറിയന്‍ സംഘത്തിനെതിരേ ഫ്രാങ്ക്ഫര്‍ടിനായി അവസാന തന്ത്രമോതാനുള്ള നിയോഗം കോവാക്കിന് ലഭിച്ചതും ശ്രദ്ധേയമായി.
ക്രൊയേഷ്യന്‍ താരം ആന്റെ റെബിക്കിന്റെ ഇരട്ട ഗോളുകളാണ് ഫ്രാങ്ക്ഫര്‍ടിന് വിജയം സമ്മാനിച്ചത്. ശേഷിച്ച ഗോള്‍ മിജറ്റ് ഗസിനോവിചും നേടി. കളിയുടെ 11ാം മിനുട്ടില്‍ തന്നെ ബയേണിനെ ഞെട്ടിച്ച് റെബിക്ക് ഫ്രാങ്ക്ഫര്‍ടിനെ മുന്നിലെത്തിച്ചു. രണ്ടാം പകുതി തുടങ്ങി 53ാം മിനുട്ടില്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ മികവില്‍ ബയേണ്‍ സമനില പിടിച്ചു.
എന്നാല്‍ മത്സരം അവസാന ഘട്ടത്തിലേക്ക് കടന്നപ്പോള്‍ 82ാം മിനുട്ടില്‍ റെബിക്ക് തന്റെ രണ്ടാം ഗോളിലൂടെ ടീമിന് വീണ്ടും ലീഡൊരുക്കി. സമനില പിടിച്ച് ആയുസ് നീട്ടാന്‍ ബവേറിയന്‍ ശക്തികള്‍ ശ്രമിക്കുന്നതിനിടെ ഇഞ്ച്വറി ടൈമില്‍ ഗസിനോവിച് മൂന്നാം ഗോളിലൂടെ ഫ്രാങ്കഫര്ടിന്റെ കിരീട നേട്ടം ഉറപ്പാക്കി.
പതിവ് പോലെ പന്തടക്കത്തിലും ആക്രമണം നയിക്കുന്നതിലുമെല്ലാം ബയേണ്‍ മുന്നില്‍ നിന്നെങ്കിലും അതൊന്നും ഫ്രാങ്ക്ഫര്‍ടിന്റെ വിജയം തടയാന്‍ പര്യാപ്തമായില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."