സത്യപ്രതിജ്ഞാ ചടങ്ങ് പ്രതിപക്ഷ ഐക്യത്തിന്റെ വേദിയാകും
ന്യൂഡല്‍ഹി: കര്‍ണാടകയിലെ വിജയത്തോടെ കരുത്തും ആത്മവിശ്വാസവും ആര്‍ജിച്ച് പ്രതിപക്ഷം. ഇപ്പോഴത്തെ അനുകൂലതരംഗം അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പുവരെ നിലനിര്‍ത്തിക്കൊണ്ടുപോകാനാണ് കോണ്‍ഗ്രസ് തീരുമാനം. ബുധനാഴ്ച നടക്കുന്ന കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങിന് ബി.ജെ.പിയിതര കക്ഷികള്‍ക്കെല്ലാം ക്ഷണമുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ബി.എസ്.പി നേതാവ് മായാവതി, എസ്.പി നേതാവ് അഖിലേഷ് യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവു, ആര്‍.ജെഡി നേതാവ് തേജസ്വി യാദവ്, സി.പി.ഐ നേതാവ് ഡി. രാജ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
സി.പി.എമ്മിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനെയോ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെയോ ക്ഷണിക്കും. എന്നാല്‍, പൊളിറ്റ്ബ്യൂറോ യോഗം നടക്കുന്നതിനാല്‍ യെച്ചൂരി പങ്കെടുക്കുമോയെന്ന് ഉറപ്പായിട്ടില്ല. ഇന്നായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നതെങ്കിലും രാജീവ് ഗാന്ധിയുടെ ചരമവാര്‍ഷികദിനമായതിനാല്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കു പങ്കെടുക്കാന്‍ കഴിയാത്തതു പരിഗണിച്ചാണ് ബുധനാഴ്ചത്തേക്കു നീട്ടിയത്. ബി.ജെ.പിക്കെതിരേ ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യനിര കെട്ടിപ്പടുക്കുന്നതില്‍ മുന്നിലുള്ള മമതയാണ് യെദ്യൂരപ്പ രാജിവച്ചതിനുപിന്നാലെ കുമാരസ്വാമിയെ ഫോണില്‍ വിളിച്ച് ആദ്യം അഭിനന്ദിച്ചത്.
അതേസമയം, അധികാരത്തിലേറാന്‍ സഹായിച്ച കോണ്‍ഗ്രസ് നേതാക്കളെ കാണാനായി കുമാരസ്വാമി ഇന്ന് ഡല്‍ഹിയില്‍ എത്തും. സോണിയാഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ നേരില്‍ക്കണ്ട് സത്യപ്രതിജ്ഞാ ചടങ്ങിലേക്കു ക്ഷണിക്കലാണ് സന്ദര്‍ശന ലക്ഷ്യം. കര്‍ണാടകയില്‍ ഘടകകക്ഷിയായ ജെ.ഡി.എസിന് മുഖ്യമന്ത്രിപദവി വിട്ടുനല്‍കിയതും ഗുലാംനബി ആസാദ് അടക്കമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ കര്‍ണാടകയില്‍ തമ്പടിച്ച് കരുക്കള്‍നീക്കിയതും പ്രതിപക്ഷ കക്ഷികള്‍ക്ക് ആവേശം പകര്‍ന്നിട്ടുണ്ട്. അതതു സംസ്ഥാനങ്ങളിലെ ചെറിയകക്ഷികളെ കൂടെക്കൂട്ടിയാല്‍ ബി.ജെ.പിയെ നിഷ്പ്രയാസം പ്രതിരോധിക്കാന്‍ കഴിയുമെന്ന് കോണ്‍ഗ്രസ് ഇതിനകം വിലയിരുത്തിക്കഴിഞ്ഞു. സംസ്ഥാനങ്ങളില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ചെറിയകക്ഷികള്‍ക്ക് കോണ്‍ഗ്രസ് വിട്ടുവീഴ്ചചെയ്യുകയാണെങ്കില്‍ കേന്ദ്രത്തില്‍ കോണ്‍ഗ്രസിനോടും അവര്‍ വിട്ടുവീഴ്ചചെയ്യുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.
ബി.ജെ.പിയെ അധികാരത്തില്‍നിന്നു മാറ്റാന്‍ കര്‍ണാടക മാതൃകയിലുള്ള സഖ്യം മറ്റിടങ്ങളിലും രൂപീകരിക്കുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ പറഞ്ഞു. ബി.ജെ.പിയെ പരാജയപ്പെടുത്താനായി വിട്ടുവീഴ്ചാ മനോഭാവത്തോടെ മറ്റു രാഷ്ട്രീയകക്ഷികളുമായി കൈകോര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ല: കുമാരസ്വാമി
ബംഗളൂരു: മുഖ്യമന്ത്രിസ്ഥാനം പങ്കിടില്ലെന്ന് ജെ.ഡി.എസ് നേതാവ് കുമാരസ്വാമി. ബുധനാഴ്ചയാണ് കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്യുന്നത്.
ഇതിനിടെയാണ് മുഖ്യമന്ത്രിസ്ഥാനം നിശ്ചിത കാലയളവിനുശേഷം കോണ്‍ഗ്രസിന് വിട്ടുനല്‍കില്ലെന്ന് കുമാരസ്വാമി വ്യക്തമാക്കിയത്. മുഖ്യമന്ത്രിപദവി ജെ.ഡി.എസിനായിരിക്കുമെന്ന് ഇരുപാര്‍ട്ടികളും നേരത്തേ ധാരണയിലെത്തിയിരുന്നു.
കോണ്‍ഗ്രസും ജനതാദളും പരസ്പരധാരണയോടെ മുന്നോട്ടുപോകുമെന്നും കുമാരസ്വാമി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."