മൃതദേഹം കൊണ്ടുപോകുന്നതിനെ ചൊല്ലി അനിശ്ചിതത്വം
തളിപ്പറമ്പ്: കാസര്‍കോട് പള്ളിയില്‍ കൊല്ലപ്പെട്ട മദ്റസാ അധ്യാപകന് മുഹമ്മദ് റിയാസിന്റെ മൃതദേഹം കാസര്‍കോട്ടേക്കു കൊണ്ടുപോകാന്‍ അനുമതി നല്‍കാത്തതിനെ തുടര്‍ന്നു അനിശ്ചിതത്വം ഉടലെടുത്തു.
പരിയാരം മെഡിക്കല്‍കോളജില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം റിയാസ് എട്ടുവര്‍ഷത്തോളമായി ജോലിചെയ്യുന്ന പഴയ ചൂരിയില്‍ മൃതദേഹം കൊണ്ടുപോകണമെന്ന നാട്ടുകാരുടെ ആവശ്യം പൊലിസ് അംഗീകരിക്കാത്തതു നേരിയ സംഘര്‍ഷത്തിനിടയാക്കി.
ഇതേതുടര്‍ന്നു പതിനൊന്നരയോടെ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വിട്ടുകിട്ടിയ മയ്യിത്ത് പരിയാരം സി.എച്ച് സെന്ററില്‍ പരിപാലനത്തിനു ശേഷം സ്വദേശമായ മടിക്കേരി കൊട്ടുമുടി ആസാദ് നഗറിലേക്കാണു കൊണ്ടുപോയത്. മൃതദേഹം സി.എച്ച് സെന്ററില്‍ എത്തിച്ചപ്പോഴും പൊലിസുമായി വാക്കേറ്റമുണ്ടായി.
ഡിവൈ.എസ്.പി കെ.വി വേണുഗോപാല്‍, സി.ഐമാരായ എം.പി ആസാദ് (പയ്യന്നൂര്‍), സിബി തോമസ് (ആദൂര്‍), തളിപ്പറമ്പ് എസ്.ഐ ബിനുമോഹന് എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പൊലിസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു.
കാസര്‍കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍, മുസ്ലിംലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.സി ഖമറുദീന്, മധൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ചൂരി ഹാരിസ് എന്നീ നേതാക്കളുമായി പൊലിസ് ചര്‍ച്ച നടത്തിയാണു പ്രശ്നം പരിഹരിച്ചത്.
സംഘര്‍ഷസാധ്യത കണക്കിലെടുത്താണു മൃതദേഹം കാസര്‍കോട് കൊണ്ടുപോകാന്‍ പൊലിസ് അനുമതി നിഷേധിച്ചത്. ഒടുവില്‍ ഡി.ജി.പിയുടെ നിര്‍ദേശമനുസരിച്ച് വന്‍ പൊലിസ് സന്നാഹത്തോടെ ഉച്ചയ്ക്കു ഒന്നോടെയാണു മൃതദേഹം മടിക്കേരിയിലേക്കു കൊണ്ടുപോയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."