രാമന്തളി മാലിന്യ പ്രശ്നം മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു
കണ്ണൂര്‍: നാവിക അക്കാദമിയുടെ രാമന്തളിയിലെ മാലിന്യ പ്ലാന്റ് അടച്ചുപൂട്ടാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടു ജന ആരോഗ്യ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ കണ്ണൂരിലെ മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചു. ഓഫിസിനകത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച 11 സമരസമിതി പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റു ചെയ്ത് നീക്കി. സമരസമിതി നേതാക്കളുമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്‍വയോണ്‍മെന്റ് എന്‍ജിനീയര്‍ എം.എന്‍ കൃഷ്ണന് ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമാകാതെ പിരിഞ്ഞു പോകില്ലെന്ന നിലപാടിലായിരുന്നു പ്രവര്‍ത്തകര്‍.
ഓഫിസിനകത്തേക്കു തള്ളിക്കയറാന്‍ ശ്രമിച്ച സമരസമിതി ചെയര്മാന് ആര് കുഞ്ഞികൃഷ്ണന്, പി.കെ നാരായണന്, സുനില്‍, കെ.പി ദിലീപ്, കെ.ടി രതീഷ്, പി.പി നാരായണി, കെ.വി ദാക്ഷായണി, കെ.പി സരസ്വതി, കെ.പി പങ്കജാക്ഷി, കെ പി ശൈലജ, കെ.പി ശകുന്തള എന്നിവരെയാണ് ടൗണ്‍ എസ്.ഐ കുട്ടികൃഷ്ണന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റു ചെയ്തത്. അറസ്റ്റ് വിവരമറിഞ്ഞ് പൗരസമിതി പ്രവര്‍ത്തകര്‍ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. ഡോ. ഡി സുരേന്ദ്രനാഥ്, അഡ്വ. കസ്തൂരി ദേവന് എന്നിവര്‍ നേതൃത്വം നല്കി.
കഴിഞ്ഞ മാസം 22ന് ജന ആരോഗ്യ സംരക്ഷണസമിതി പ്രവര്‍ത്തകര്‍ മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് ഉപരോധിച്ചിരുന്നു. അന്ന് ചര്‍ച്ചയെ തുടര്‍ന്ന് നാവിക അക്കാദമിക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഒന്നും ഉണ്ടാകാതിരുന്നതിനെ തുടര്‍ന്നാണ് ഇന്നലെ മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫിസ് വീണ്ടും ഉപരോധിച്ചത്. ഉപരോധത്തിന് കെ.പി രാജേന്ദ്രകുമാര്‍, വിനോദ് കുമാര്‍ രാമന്തളി എന്നിവര്‍ നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."