നിപ വൈറസ്: പനി ബാധിച്ചവരെ പരിചരിച്ച നഴ്‌സും മരിച്ചു
കോഴിക്കോട്: നിപ വൈറസ് മൂലമുള്ള പനി ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. പനി ബാധിച്ച് മരിച്ച സാബിത്തിനെ പരിചരിച്ച നഴ്‌സ് ലിനിയാണ് മരിച്ചത്. പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സായിരുന്നു ലിനി. കോഴിക്കോട് ചെമ്പനോട സ്വദേശിനിയാണ്. ലിനിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കിയില്ല. മൃതദേഹം ഇന്നു പുലര്‍ച്ചെ തന്നെ ആശുപത്രി വളപ്പില്‍ സംസ്‌കരിച്ചു. വൈറസ് പടരാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ഞായറാഴ്ച ലിനിയുടെ മാതാവിനെയും പനിയെത്തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ഇതോടെ ഈ വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 11 ആയി. പേരാമ്പ്ര താലൂക്കാശുപത്രിയില്‍ പനി ബാധിതരുടെ എണ്ണം കൂടിവരുന്നുണ്ട്.
നിപ വൈറസ് ബാധ സ്ഥിരീകരിച്ച കോഴിക്കോട് പേരാമ്പ്രയില്‍ ഇന്ന് കേന്ദ്ര സംഘം സന്ദര്‍ശനം നടത്തും. ചങ്ങരോത്ത് മേഖലയിലായിരിക്കും പ്രധാനമായും സന്ദര്‍ശനം. നാദാപുരം ചെക്കിയാട്, കോഴിക്കോട് നഗരത്തിനടുത്തുള്ള പാലാഴി എന്നിവിടങ്ങളിലും സമാനമായ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ചങ്ങരോത്ത് വളച്ചുകെട്ടി വീട്ടില്‍ മുഹമ്മദ് സാലിഹ്, സഹോദരന്‍ മുഹമ്മദ് സാബിത്ത്, ബന്ധു മറിയം എന്നിവരുടെ മരണം നിപാ വൈറസ് മൂലമാണെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. കൂടാതെ രോഗബാധ മൂലം രണ്ടു മരണം കൂടി കോഴിക്കോട് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മലപ്പുറത്ത് നാലു മരണവും റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുഹമ്മദ് സാലിഹിന്റേയും സാബിത്തിന്റേയും പിതാവ് മൂസക്കും ഇതേ വൈറസ് ബാധ സ്ഥിരികരിച്ചിട്ടുണ്ട്.
മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി കഴിയുന്ന ആറു പേരുടെ നില ഗുരുതരമാണ്. 25 പേര്‍ നിരീക്ഷണത്തിലുമാണ്. മറ്റ് ഔദ്യോഗിക പരിപാടികള്‍ റദ്ദ്‌ചെയ്ത് ആരോഗ്യ മന്ത്രിയും ഇന്ന് കോഴിക്കോട്ടെത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."