നിപ്പാ വൈറസ് ഭീതിയൊഴിയാതെ
കോഴിക്കോട്: ജില്ലയില്‍ വൈറസ്ബാധ മൂലം അഞ്ച് പേര്‍ മരിക്കാനിടയായ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ യു.വി ജോസിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ അടിയന്തര യോഗം ചേര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനും ചികിത്സാ സംവിധാനങ്ങളും അറിയിപ്പുകളും ഏകോപിപ്പിക്കുന്നതിനുമായി ജില്ലാ കലക്ടര്‍ ചെയര്‍മാനും ഡി.എം.ഒ കണ്‍വീനറുമായി ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചിട്ടുണ്ട്.
തുടര്‍നടപടികളുടെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫിസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. പ്രത്യേക പനി ക്ലിനിക് ആരംഭിക്കാനും ഇത്തരം രോഗികള്‍ക്ക് ചികിത്സ നല്‍കുന്നതിന് പ്രത്യേകം വാര്‍ഡുകള്‍ തയാറാക്കാനും രോഗ വ്യാപനം തടയുന്നതിനുമുള്ള നടപടികള്‍ ഊര്‍ജിതമാക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
ദേശീയതലത്തില്‍ ശ്രദ്ധിക്കുന്ന തരത്തിലുള്ള ഈ സാഹചര്യത്തില്‍ ചികിത്സയുമായി സ്വകാര്യ-സര്‍ക്കാര്‍ സ്ഥാപനങ്ങളെന്ന വേര്‍തിരിവില്ലാതെ മുന്നോട്ട് പോകണമെന്ന് ജില്ലാ കലക്ടര്‍ യു.വി ജോസ് യോഗത്തില്‍ ആവശ്യപ്പെട്ടു.
സമൂഹമാധ്യമങ്ങളിലൂടെയുള്ള ചിലപ്രചാരണങ്ങള്‍ ജനങ്ങളെ പരിഭ്രാന്തരാക്കുന്നുണ്ട്. ആധികാരികമല്ലാത്ത ഇത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കാതിരിക്കാന്‍ ജാഗ്രത പാലിക്കണം. ഡി.എം.ഒ നല്‍കുന്ന അറിയിപ്പുകള്‍ മാത്രം ആധികാരികമായി ഉപയോഗിക്കണമെന്നും യോഗം നിര്‍ദേശിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ഡോ.ആര്‍.എല്‍ സരിത, ഡി.എം.ഒ ഡോ. വി. ജയശ്രീ, എന്‍.സി.ഡി.സി ഡയറക്ടര്‍ ഡോ. എന്‍ കെ ഷൗക്കത്തലി, മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. കെ ജി സജിത്കുമാര്‍, ഐ.എസ്.എം ഡി.എം.ഒ ഡോ. എന്‍. ശ്രീകുമാര്‍, ഹോമിയോ ഡി.എം.ഒ ഡോ. കവിത പുരുഷോത്തമന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഷാമിന്‍ സെബാസ്റ്റ്യന്‍, സജീവ് ദാമോദര്‍, മെഡിക്കല്‍ കോളജ് എമര്‍ജന്‍സി മെഡിസിന്‍ തലവന്‍ ഡോ. ചാന്ദ്‌നി, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ക്രിട്ടിക്കല്‍ കെയര്‍ തലവന്‍ ഡോ. അനൂപ്കുമാര്‍, അപ്പോളോ ഹോസ്പിറ്റല്‍ ചെന്നൈ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഇന്‍ഫക്ഷന്‍ ഡിസീസ് തലവന്‍ ഡോ. അബ്ദുല്‍ഗഫൂര്‍ പങ്കെടുത്തു.
മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരുടെയും
ജീവനക്കാരുടെയും സുരക്ഷ കര്‍ശനമാക്കി
ചേവായൂര്‍: നിപ്പാ വൈറസ് ഭീതിയെ തുടര്‍ന്ന് ആശങ്ക ഒഴിയാതെ മെഡിക്കല്‍ കോളജ്. ഇന്നലെയും പനിബാധിച്ച് രണ്ടുപേര്‍ മരിച്ചു. നിരവധി പേരാണ് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയെത്തിയത്.
നടുവണ്ണൂര്‍ സ്വദേശി ഇസ്മായില്‍ കുളത്തൂര്‍ സ്വദേശി വേലായുധന്‍ എന്നിവരാണ് മരിച്ചത്. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് സാധാരണ പനി ബാധിച്ചവര്‍ പോലും ഭയപ്പാടോടെയാണ് ചികിത്സയില്‍ കഴിയുന്നത്.
മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും മാസ്‌ക്കും പ്രത്യേക വസ്ത്രവും നല്‍കി അധികൃതര്‍ സുരക്ഷയൊരുക്കിയിരിക്കുകയാണ്. ആശുപത്രിയില്‍ സന്ദര്‍ശകരുടെ എണ്ണം ഇന്നലെ ഗണ്യമായി കുറഞ്ഞു.
പേരാമ്പ്രയില്‍ നിന്ന് ഒരു നഴ്‌സിങ് വിദ്യാര്‍ഥിനിയടക്കം നിരവധി പേരാണ് ഇന്നലെ ചികിത്സ തേടിയെത്തിയത്. സംഭവത്തെ കുറിച്ച് വിലയിരുത്താന്‍ ജില്ലാകലക്ടര്‍ കലക്ടറേറ്റില്‍ അടിയന്തര യോഗം വിളിച്ചു.
നഗരത്തിലെ പ്രധാന ആശുപത്രികളില്‍കൂടി പനി ബാധിതരെ പ്രവേശിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ആശുപത്രി ചെലവിന്റെ കാര്യം പിന്നീട് തീരുമാനിക്കാമെന്നും ധാരണയായി.
മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയെത്തിവരില്‍ ഏറെ പേരെയും ചെസ്റ്റ് ആശുപത്രിയിലേക്ക് മാറ്റി. രോഗം സ്ഥിരീകരിക്കാനാകാത്തത് ചികിത്സക്ക് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.
അതേസമയം സോഷ്യല്‍ മീഡിയകളില്‍ പലവിധ വാര്‍ത്തകളാണ് വരുന്നതെന്നും അതൊന്നും വിശ്വസിക്കരുതെന്നും ആശുപത്രി സൂപ്രണ്ട് കെ.ജി സജിത്ത് കുമാര്‍ പറഞ്ഞു.
ആരും ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും പനിമൂലമുള്ള മരണങ്ങള്‍ സാധാരണയായി ഉണ്ടാവാറുള്ളതാണെന്നും ദിവസങ്ങള്‍ക്കകം തന്നെ രോഗത്തെ കുറിച്ച് സ്ഥിരീകരണമുണ്ടാവുകയും ചികിത്സ ലഭിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരുകള്‍ നേതൃത്വം നല്‍കണം: എം.പി
കോഴിക്കോട്: ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലുമായി അപൂര്‍വ വൈറസ് രോഗബാധയെ തുടര്‍ന്ന് മൂന്ന് പേര്‍ മരിച്ച സംഭവത്തില്‍ അടിയന്തരമായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായിപ്രതിരോധ പ്രവര്‍ത്തനങ്ങളും മറ്റ് നടപടികളും കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി ജഗദ് പ്രകാശ് നദ്ദക്കും വൈറല്‍ പനിയെ നിയന്ത്രിക്കുന്നതിനായി രോഗികള്‍ക്ക് ആശുപത്രികളില്‍ സൗജന്യമായി എല്ലാവിധ ചികില്‍സാ സൗകര്യങ്ങളുമൊരുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും എം.കെ രാഘവന്‍ എം.പി കത്തയച്ചു.
മഴക്കാലമെത്താന്‍ ഏതാനും ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ജന്തു-ജലജന്യ രോഗമെന്ന് സംശയിക്കുന്ന ഈ രോഗത്തെ വേണ്ടണ്ടവിധത്തില്‍ പ്രതിരോധിച്ചില്ലെങ്കില്‍ പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാകുമെന്നും ഇത് പ്രദേശവാസികളില്‍ ആശങ്കയുളവാക്കുമെന്നും എം.പി കത്തില്‍ ചൂണ്ടണ്ടിക്കാട്ടി.
പ്രദേശവാസികളുടെ ആശങ്കകളകറ്റാന്‍ ആരോഗ്യവകുപ്പിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വീടുകളില്‍ ബോധവല്‍കരണ പരിപാടികളും സംഘടിപ്പിക്കണമെന്നും രോഗബാധയെ തുടര്‍ന്ന് മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് അടിയന്തര ധനസഹായം നല്‍കണമെന്നും എം.പി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."