കാല്‍നട ദുഷ്‌കരമാക്കി ആനിയാറ്റില്‍ കോളനി റോഡ്
മാനന്തവാടി: പാടെ തകര്‍ന്ന മാനന്തവാടി ടൗണിന് തൊട്ടടുത്തുള്ള ആനിയാറ്റില്‍ കോളനി റോഡില്‍ യാത്ര ദുഷ്‌കരമാകുന്നു.
നഗരസഭയിലെ അഞ്ചാം ഡിവിഷനില്‍പ്പെട്ട ആനിയാറ്റില്‍ കോളനി റോഡിന് 300 മീറ്റര്‍ മാത്രമാണ് ദൈര്‍ഘ്യം. 12 വര്‍ഷം മുമ്പാണ് ടാറിങ് നടത്തിയത്. മൂന്ന് വര്‍ഷം മുമ്പ് റോഡിലെ വളരെ ചെറിയ ഒരു ഭാഗം മാത്രം കോണ്‍ക്രീറ്റ് നടത്തിയതല്ലാതെ ടാറിങ്ങിന് ശേഷം കാര്യമായ അറ്റകുറ്റപ്പണികള്‍ ഒന്നും റോഡില്‍ നടത്തിയിരുന്നില്ല. കോണ്‍ക്രീറ്റ് ഒഴികെയുള്ള റോഡിന്റെ ഇരുഭാഗങ്ങളും പൂര്‍ണമായും പൊട്ടിപൊളിഞ്ഞ് കാല്‍നടയാത്ര പോലും സാധ്യമല്ലാതായിരിക്കുകയാണ്. നാലോളം ആദിവാസി കോളനികളില്‍ ഉള്‍പ്പെടെ 200 ഓളം കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ റോഡ്. വാഹനം കിട്ടാന്‍ വൈകിയതിനാല്‍ മതിയായ ചികിത്സ നല്‍കാന്‍ കഴിയാതെ രോഗികള്‍ മരണപ്പെട്ട സംഭവം വരെ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. പൂര്‍ണമായും തകര്‍ന്ന് കിടക്കുന്ന റോഡ് ഗതാഗത യോഗ്യമാക്കാന്‍ അധികൃതരുടെ ഭാഗത്ത് നിന്നും അടിയന്തര നടപടികള്‍ ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."