മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കുകയാണ് ലക്ഷ്യം: ആരോഗ്യമന്ത്രി
കളമശേരി: കേരളത്തിലെ മെഡിക്കല്‍ കോളജുകളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ പറഞ്ഞു. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ജോണ്‍ ഫര്‍ണാണ്ടസ് എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 128 സ്ലൈസ് സി.ടി സ്‌കാനര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. എറണാകുളം ഗവ. മെഡിക്കല്‍ കോളജില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുണ്ടായിരുന്ന ബാലാരിഷ്ടതകള്‍ ഓരോന്നായി പരിഹരിച്ച് വരികയാണ്. കേരളത്തിലെ പ്രൈമറി ഹെല്‍ത്ത് സെന്റര്‍ മുതല്‍ മെഡിക്കല്‍ കോളജുകള്‍ വരെ മെച്ചപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. വിവിധ വിഭാഗങ്ങളിലായി 4200 തസ്തികകളാണ് സൃഷ്ടിച്ചത്.
ജീവനക്കാരും പൊതുജനങ്ങളും പൂര്‍ണമായും സഹകരിച്ചു കൊണ്ടാണ് ഇത് സാധ്യമാക്കുന്നത്. മെഡിക്കല്‍ കോളജ് വികസനത്തിനായി 255 കോടിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ടണ്ടര്‍ ആയെന്നും നിര്‍മാണം ഉടനെ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ അധ്യക്ഷനായി.
ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പദ്ധതി അവലോകന രേഖ അവതരിപ്പിച്ചു. സി.ടി സ്‌കാന്‍ ഇല്ലാത്തതിനാല്‍ എം.ബി.ബി.എസിന്റെ അംഗീകാരം നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടായി. ഈ കുറവ് പരിഹരിക്കാനായി മുന്‍ എം.പി പി രാജീവിന്റെയും ആശുപത്രി വികസന സമിതി കണ്‍വീനര്‍ വി.എ സക്കീര്‍ ഹുസൈന്റെയും ഇടപെടലാണ് ഈ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കുറഞ്ഞ നിരക്കില്‍ എല്ലാ സമയവും പ്രവര്‍ത്തിക്കുന്ന നൂതനമായ സി.ടി സ്‌കാന്‍ ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിട്ടതെന്നും ജോണ്‍ ഫെര്‍ണാണ്ടസ് എം.എല്‍.എ പറഞ്ഞു. മുന്‍ എം.എല്‍.എ എ.എം യൂസഫ്, അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍, കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള തടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."