വ്യാജ രസീത് തയാറാക്കി ബ്ലോക്ക് പഞ്ചായത്തിനെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍
പീരുമേട്: വ്യാജ രസീതുകള്‍ തയാറാക്കി ബ്ലോക്ക് പഞ്ചായത്തിനെ കബളിപ്പിച്ച സംഭവത്തില്‍ യുവാവിനെ പൊലിസ് അറസ്റ്റ് ചെയ്തു. അഴുത ബ്ലോക്ക് പഞ്ചായത്തിലെ എല്‍ എസ് ജി ഡി എക്‌സിക്യൂട്ടിവ് എഞ്ചിനീയറുടെ പരാതിയിലാണ് ഹെലിബറിയ സ്വദേശി അനില്‍കുമാറി (39) നെ പീരുമേട് പൊലിസ് അറസ്റ്റ് ചെയ്തത്. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കരാര്‍ എടുക്കുന്നതിനായി നല്‍കേണ്ട സെക്യൂരി ഡിപ്പോസിറ്റിന്റെയും ബാങ്കിന്റെയും ട്രഷറിയുടെയും വ്യാജ രസീതു നിര്‍മ്മിച്ച് ബ്ലോക്ക് പഞ്ചായത്തിനെ കബളിച്ചെന്നാണ് പരാതി. ഇയാളുടെ പക്കല്‍ നിന്നും വ്യാജ രസീതുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രിന്റര്‍, സീല്‍, എന്നിവ പൊലിസ് പിടിച്ചെടുത്തു.
ബി ക്ലാസ് ലൈസന്‍സ് കൈവശമുള്ള അനില്‍കുമാര്‍ ചെങ്കരയിലെ ശുദ്ധജല പദ്ധതി കരാര്‍ ഏറ്റെടുത്തിരുന്നു. നിര്‍മ്മാണം ഏറ്റെടുത്തതിന്റെ കരാര്‍ ഒപ്പു വെയ്ക്കുന്നതിനൊപ്പം സമര്‍പ്പിക്കേണ്ട ബാങ്ക് ഡിപ്പോസിറ്റിന്റെ പേരില്‍ സമര്‍പ്പിച്ച രണ്ട് രസീതുകളാണ് കൃത്യമമായി ഉണ്ടാക്കിയതെന്ന് കണ്ടെത്തിയത്.
ഇത് ബാങ്കിന്റെ പേരിലും മറ്റൊരെണ്ണം ട്രഷറിയില്‍ പണം അടച്ചതിന്റേതുമായിരുന്നു. ഒരു ലക്ഷം, 50,000 എന്നീ പ്രകാരം തുകകള്‍ അടച്ചുവെന്നു കാട്ടിയാണ് രസീതുകള്‍ നിര്‍മ്മിച്ചു നല്‍കിയിരുന്നത്. ബ്ലോക്ക് പഞ്ചായത്ത് എല്‍ എസ് ജി ഡി വിഭാഗത്തിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്. ഇതേ തരത്തില്‍ ഏലപ്പാറ പഞ്ചായത്തിലും അനില്‍കുമാര്‍ വ്യാജരേഖകള്‍ നല്‍കി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തിരുന്നുവെന്ന് കണ്ടെത്തിയതായി പീരുമേട് സി ഐ ഷിബുകുമാര്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."