മലിനജലത്തിന്റെ പുന:രുപയോഗം മാത്രമേ ജലക്ഷാമത്തിനുള്ള പരിഹാരമുള്ളൂ
ലോകം വീണ്ടുമൊരു ജല ദിനം കൂടി വഴിപാടു പോലെ ആചരിക്കുമ്പോള്‍ എല്ലാവരും കുടിവെള്ള പ്രതിസന്ധിയെക്കുറിച്ചും ജലദൗര്‍ലഭ്യത്തെക്കുറിച്ചും തന്നെ പതിവു പോലെ വിലപിക്കുകയാണ്.
എന്നാല്‍ ജലസംരക്ഷണത്തിനായി ഇപ്പോഴും മനുഷ്യര്‍ ഒന്നും തന്നെ ചെയ്യുന്നില്ലെന്നതാണ് വാസ്തവം. മലിന ജലം സംസ്‌കരിച്ച് പു:നരുപയോഗിക്കല്‍ മാത്രമേ ലോകത്തെ ജലപ്രതിസന്ധി പരിഹരിക്കാന്‍ കഴിയൂ എന്നാണ് യു.എന്നിന്റെ പുതിയ പഠനത്തില്‍ പറയുന്നത്.
ഇന്ന് ലോകത്തിന്റെ നിരവധി ഇടങ്ങളില്‍ വരള്‍ച്ച രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. പല സ്ഥലങ്ങളിലും പട്ടിണി,പകര്‍ച്ചവ്യാധികള്‍,സംഘര്‍ഷം,കുടിയേറ്റം എന്നിവക്കെല്ലാം ജലദൗര്‍ലഭ്യം കാരണമായിട്ടുണ്ട്.
മനുഷ്യന് പ്രകൃതി കനിഞ്ഞരുളിയ പ്രകൃതിദത്തമായ വെള്ളം മനുഷ്യന്റെ അനാവശ്യ ഇടപെടല്‍ മൂലം നശിച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രകൃതി വെള്ളം ഉത്പാദിപ്പിക്കുന്നതിനേക്കാള്‍ ഇരട്ടി വേഗത്തിലാണ് മനുഷ്യന്‍ അതുപയോഗിച്ചു തീര്‍ക്കുന്നത്. അതിനാല്‍ തന്നെ മനുഷ്യന് തൃപ്തിയടയാനുള്ള വെള്ളം ഇനി ഒരു കാലത്തും പ്രകൃതിയില്‍ നിന്നും ലഭിക്കുമെന്ന് നാം പ്രതീക്ഷിക്കേണ്ട.
ഈ സന്ദര്‍ഭത്തിലാണ് നാം ഉപയോഗിച്ച വെള്ളം തന്നെ പുന:രുപയോഗിക്കുക എന്ന ആശയം യു.എന്‍ മുന്നോട്ടു വച്ചത്. ലോകത്തെ പല സമ്പന്ന രാജ്യങ്ങളും നിലവില്‍ ഈ രീതിയാണ് പിന്തുടരുന്നത്. ദരിദ്ര രാജ്യങ്ങളാണ് ഈ രീതി പിന്തുടരാന്‍ കഴിയാതെ വിഷമിക്കുന്നത്. വലിയ ചിലവേറിയ സംഗതിയാണ് ഇതെന്നു തന്നെ കാരണം.
ലോകത്ത് മനുഷ്യര്‍ ജീവിക്കുന്ന വിവിധ രാജ്യങ്ങളില്‍ വര്‍ഷത്തില്‍ ഒരു മാസമെങ്കിലും ജലക്ഷാമം അനുഭവിക്കുന്നുണ്ട്. ചൈനയും ഇന്ത്യയുമാണ് ഇക്കാര്യത്തില്‍ മുന്നിലുള്ളത്. കഴിഞ്ഞ വര്‍ഷം നടന്ന ലോക സാമ്പത്തിക ഫോറത്തിലുയര്‍ന്ന പ്രധാന അഭിപ്രായമായിരുന്നു ലോകം ഇനി നേരിടാന്‍ പോകുന്ന ഏറ്റവും വലിയ പ്രതിസന്ധി ജലക്ഷാമമാണെന്നത്. അതിനാല്‍ തന്നെ കുടിക്കാനുള്ള വെള്ളം വരെ മലിനജലത്തില്‍ നിന്ന് സംസ്‌കരിച്ചിട്ടായിരിക്കും വരും ദിനങ്ങളില്‍ നാം ദാഹമകറ്റേണ്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."