ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ക്ക് നിയന്ത്രണവുമായി സഊദി
ജിദ്ദ: സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകള്‍ക്ക് സഊദിയില്‍ നിയന്ത്രണം വരുന്നു. രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങള്‍ സംരക്ഷിക്കുക, വാണിജ്യ താല്‍പര്യത്തോടെയുള്ള പോസ്റ്റുകള്‍ നിയന്ത്രിക്കുക തുടങ്ങിയവയാണ് ഈ നീക്കത്തിന് പിന്നില്‍.
സാമൂഹിക മാധ്യമങ്ങളില്‍ ഇടപെടുന്നതിനു പ്രത്യേക നിയമാവലി കൊണ്ടുവരാനാണ് സഊദി വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നീക്കം. രാജ്യം കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചു വേണം സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍. പോസ്റ്റ് ചെയ്യുമ്പോഴും ഷെയര്‍ ചെയ്യുമ്പോഴും മതപരവും സാമൂഹികപരവുമായ മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കണം.
ഇത് ലംഘിക്കുന്നവര്‍ക്കെതിരെ ശിക്ഷാ നടപടി സ്വീകരിക്കാന്‍ വ്യവസ്ഥ ചെയ്യുന്ന നിയമം തയ്യാറായി കൊണ്ടിരിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു. വാണിജ്യ താല്‍പര്യത്തോടെ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ ഇടുന്നതിനു പ്രത്യേക ലൈസന്‍സ് അനുവദിക്കും.
ഈ ലൈസന്‍സ് ഓരോ വര്‍ഷവും പുതുക്കാനുള്ള സൗകര്യം ഉണ്ടാകും. സാമൂഹിക മാധ്യമങ്ങളെ രാജ്യത്തിനും സമൂഹത്തിനും വ്യക്തികള്‍ക്കും ഉപകാരപ്രദമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ് ഈ നീക്കത്തിന് പിന്നില്‍.
സോഷ്യല്‍ മീഡിയയില്‍ ദശലക്ഷക്കണക്കിന് ഫോളോവേഴ്‌സ് ഉള്ള നിരവധി സ്വദേശികള്‍ ഉണ്ട്. വാണിജ്യ താല്‍പര്യത്തോടെ പല സ്ഥാപനങ്ങള്‍ക്കും സംഘടനകള്‍ക്കും വേണ്ടി ഇവര്‍ തങ്ങളുടെ അക്കൌണ്ടുകള്‍ ഉപയോഗിക്കാറുണ്ട്. ഇതിനു വ്യക്തമായ ചട്ടക്കൂട് ഉണ്ടാക്കുകയാണ് പുതിയ നിയമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."