നാലു പേര്‍ മരിച്ചത് നിപ ബാധിച്ച്: നിയന്ത്രണവിധേയമാക്കുമെന്ന് കേന്ദ്രസംഘം, ഒന്‍പതു പേര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: മരിച്ചവരില്‍ നാലു പേര്‍ നിപ വൈറസ് ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ പറഞ്ഞു. ഒന്‍പതു പേര്‍ നിരീക്ഷണത്തിലാണെന്നും മന്ത്രി അറിയിച്ചു.
സംഭവത്തെക്കുറിച്ച് പഠിക്കാന്‍ എത്തിയ കേന്ദ്രസംഘത്തോടൊപ്പം പേരാമ്പ്രയില്‍ മന്ത്രി പോയിരുന്നു. വൈറസ് ബാധിച്ച സ്ഥലവും പരിസരപ്രദേശങ്ങളും കേന്ദ്രസംഘം പരിശോധിച്ചു. ഇവിടെയുള്ള കിണര്‍ മൂടിയിട്ടുണ്ട്.
അതേസമയം, നിപ വൈറസ് വായുവിലൂടെയും പകരുമെന്ന് കേന്ദ്രസംഘം പറഞ്ഞു. എന്നാല്‍ മറ്റു വൈറസുകളെ പോലെ ദീര്‍ഘദൂരം സഞ്ചരിക്കില്ല. രോഗിയില്‍ നിന്ന് ഒന്നര മീറ്റര്‍ പരിധിയില്‍ മാത്രമേ ഇതു പകരുകയുള്ളൂ. രോഗ ലക്ഷണമുള്ളവരുമായി അടുത്ത് ഇടപഴകുന്നത് ഒഴിവാക്കണമെന്നും കേന്ദ്ര ആരോഗ്യസംഘം നിര്‍ദേശിച്ചു.
ഇന്നു മരിച്ച ലിനി എന്ന നഴ്‌സിന്റെ രക്തസാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗികളുമായി അടുത്ത് ഇടപഴകിയിരുന്ന 60 പേരെ അതാതു താലൂക്ക് ആശുപത്രികളില്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
വീടുവിട്ടുപോവേണ്ടതില്ലെന്ന് പരിസരവാസികളോട് കേന്ദ്രസംഘം നിര്‍ദേശിച്ചു. വവ്വാലിനെക്കൂടാതെ മുയല്‍, പ്രാവ് തുടങ്ങിയവയും വൈറസ് വ്യാപിപ്പിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. മാസ്‌ക് ധരിച്ചു മാത്രമേ ഇവയുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെടാന്‍ പാടുള്ളൂവെന്നും സംഘം നിര്‍ദേശിച്ചു.
കേന്ദ്രമൃഗ സംരക്ഷണ വകുപ്പ് സംഘം ഉടനെ പരിശോധനയ്ക്കായി എത്തും. എയിംസിലെ വിദഗ്ധ സംഘം നാളെ എത്തുമെന്നും കേന്ദ്ര ആരോഗ്യസംഘം പറഞ്ഞു. കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ചാണ് സ്ഥിതിഗതികള്‍ വ്യക്തമാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."