സഊദിക്ക് നേരെ യമന്‍ വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണം തകര്‍ത്തു
റിയാദ്: സഊദിയെ ലക്ഷ്യമാക്കി യമനിലെ വിമതര്‍ വീണ്ടും മിസൈല്‍ ആക്രമണം നടത്തി. തിങ്കളാഴ്ച്ച രാവിലെ 4:39 ആണ് അതിര്‍ത്തി പ്രദേശമായ ജിസാന്‍ ലക്ഷ്യമാക്കി ഹൂതികള്‍ തൊടുത്തു വിട്ട മിസൈല്‍ സഊദി റോയല്‍ വ്യോമ പ്രതിരോധ സേന ആകാശത്ത് വെച്ച് തന്നെ തകര്‍ത്തത്. യമനിലെ സഅദ പ്രവിശ്യയില്‍ നിന്നാണ് മിസൈല്‍ വിക്ഷേപണം നടന്നതെന്നും നിലം തൊടുന്നതിനു മുന്‍പ് തന്നെ തകര്‍ക്കാന്‍ കഴിഞ്ഞതിനാല്‍ ദുരന്തം ഒഴിവായെന്നും ആളപായമോ നാശ നഷ്ടങ്ങളോ ഉണ്ടായില്ലെന്നും അറബ് സഖ്യസേന വക്താവ് കേണല്‍ തുര്‍ക്കി അല്‍ മാലികി പറഞ്ഞു.
അതേസമയം, മിസൈല്‍ ആകാശത്തു വെച്ച് തകര്‍ക്കുന്നതിനിടെ ചിന്നിച്ചിതറി. ജനവാസ കേന്ദ്രങ്ങളില്‍ മിസൈല്‍ ചിന്നിച്ചിതറിയെങ്കിലും ആളപായമോ പരിക്കോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും സഖ്യ സേന വക്താവ് അറിയിച്ചു. ഇറാന്‍ പിന്തുണയോടെ യമനിലെ വിമത വിഭാഗമായ ഹൂതികള്‍ സഊദിക്ക് നേരെയുള്ള ആക്രമണം തുടരുകയാണ്. നിരവധി തവണ മുന്നറിയിപ്പുകള്‍ നല്‍കിയിട്ടും അവയെല്ലാം അവഗണിച്ചാണ് യമന്‍ ഹൂതികളുടെ ആക്രമണം. തുടരെയുള്ള ആക്രമണം നടക്കുന്നത് കൂടുതല്‍ പ്രശ്‌നത്തിലേക്ക് മേഖലയെ കൊണ്ടെത്തിക്കാനുള്ള ശ്രമമാണെന്ന് നിരീക്ഷകര്‍ വിലയിരുത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."