പൊതുമാപ്പ്; 98 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് സഊദി ആഭ്യന്തരമന്ത്രാലയം
ജിദ്ദ: പൊതുമാപ്പില്‍ വിദേശികളെ സ്വദേശങ്ങളിലേക്കയക്കാന്‍ സഊദിയിലെ വിവിധ മേഖലകളില്‍ 98 നാടുകടത്തല്‍ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുമെന്ന് സഊദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇതില്‍ 13 എണ്ണം റിയാദിലും ആറെണ്ണം കിഴക്കന്‍ മേഖലയിലും നാലെണ്ണം മക്ക മേഖലയിലുമാണ് തുടങ്ങുന്നത്. അസീര്‍, മദീന, തബൂക്ക്, ഖസീം മേഖലകള്‍ക്ക് മൂന്ന് കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. അല്‍ബഹ, ജൗഫ്, വടക്കന്‍ അതിര്‍ത്തി എന്നി മേഖലകളില്‍ രണ്ട് കേന്ദ്രവും നജ്‌റാന്‍ , ജിസാന്‍, ഹാഇല്‍ എന്നി മേഖലകളില്‍ ഒരോ കേന്ദ്രങ്ങളും പ്രവര്‍ത്തിക്കും. പൊലിസ്, ജവാസാത്ത്, കോസ്റ്റല്‍ ഗാര്‍ഡ് തുടങ്ങിയ സുരക്ഷാ വകുപ്പുകള്‍ നിയമ ലംഘകരില്ലാത്ത കാജ്യമെന്ന കാംപയിനില്‍ പങ്കെടുക്കുമെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
അതിര്‍ത്തി മേഖലകളില്‍ നിയമലംഘകരെ പിടികൂടാന്‍ കോസ്റ്റല്‍ ഗാര്‍ഡിന് കീഴില്‍ വ്യാപകമായി പരിശോധന നടത്തും. പാസ്‌പോര്‍ട്ട് വകുപ്പിന് കീഴിലെ അതാതു മേഖലകളിലെ നാടുകടത്തല്‍ കേന്ദ്രങ്ങളിലും പൊതുമാപ്പിന്റെ ഭാഗമായി നിയമ ലംഘകരെ സ്വീകരിച്ച് ശിക്ഷയും പിഴയുമില്ലാതെ നാടുകടത്താനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. ഈ മാസം 29 മുതലാണ് പൊതുമാപ്പ് പ്രാബല്യത്തില്‍ വരിക. ഈ കാലയളവില്‍ നിയമ ലംഘകര്‍ക്ക് പിഴയും ശിക്ഷയുമില്ലാതെ നാട്ടിലേക്ക് പോകാന്‍ സാധിക്കും. പൊതുമാപ്പ് കാലാവധിക്ക് ശേഷം പിടിയിലാകുന്നവര്‍ക്ക് പിഴയും ശിക്ഷയുമുണ്ടാകുമെന്നും ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ വിവിധ പ്രവിശ്യകളില്‍ നിന്ന് 2.5 ദശലക്ഷം നിയമ ലംഘകരെ 28 ഓളം കര, വ്യോമ, കടല്‍ കവാടങ്ങള്‍ വഴി നാടുകടത്തിയതായും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. 2015ല്‍ ഏറ്റവും കൂടുതല്‍ നിയമ ലംഘകരെ നാടുകടത്തിയത് ജിദ്ദ കിങ് അബ്ദുല്‍ അസീസ് വിമാനത്താവളം വഴിയാണ്. 48.64 ശതമാനമാണ് ഇതുവഴി നാടുകടത്തിയത്. രണ്ടാം സ്ഥാനത്ത് തെക്ക് പ്രവേശന കവാടമായ ത്വിവാല്‍ വഴി 33.24 ശതമാനവും മൂന്നാം സ്ഥാനത്ത് റിയാദിലെ കിങ് ഖാലിദ് വിമാനത്താവളം വഴി 7.72 ശതമാനവുമാണ് നാടുകടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."