ശാരീരിക വൈകല്യം മറികടന്ന് രാധാകൃഷ്ണന് പെരിയാര്‍ നീന്തിക്കയറി
ആലുവ: ലോക ജലദിനത്തില്‍ ശാരീരിക വൈകല്യത്തെ നിശ്ചയദാര്‍ഢ്യം കൊണ്ട് കീഴടക്കി രാധാകൃഷ്ണന് പെരിയാര്‍ നീന്തിക്കയറി. പ്രായാധിക്യവും ഒരു കൈയുടെ സ്വാധീനക്കുറവും വകവെക്കാതെയാണ് പരിശീലകനെ പോലും അമ്പരപ്പിച്ച് ആലുവ താലൂക്ക് ഓഫിസിലെ സീനിയര്‍ ക്ലാര്‍ക്ക് ടി.എന്‍ രാധാകൃഷ്ണന് അദ്വൈതാശ്രമം കടവില്‍ നിന്ന് ശിവരാത്രി മണപ്പുറം കടവിലേക്ക് പുഴക്ക് കുറുകെ നീന്തിയത്. ജന്മനാ വലതുകൈക്ക് പൂര്‍ണമായും സ്വാധീനമില്ലാത്ത നീന്തല്‍ പഠിക്കണമെന്ന ആഗ്രഹവുമായി എത്തിയ രാധാകൃഷ്ണനെ പരിശീലകന് സജി വളാശ്ശേരി ഒരു വട്ടം മടക്കി അയച്ചിരുന്നു.
ഇതില്‍ നിരാശ തോന്നിയ രാധാകൃഷ്ണന് എങ്ങനെയും നീന്തല്‍ പഠിക്കണെന്ന ആഗ്രഹത്തോടെ പരിശീലന സമയങ്ങളില്‍ കരയില്‍ നോക്കിയിരിക്കുമായിരുന്നു. ഒടുവില്‍ മുതിര്‍ന്നവര്‍ക്കുള്ള നീന്തല്‍ പരിശീലനത്തില്‍ ചേര്‍ന്ന രാധാകൃഷ്ണന് ഏവരേയും അമ്പരപ്പിച്ച് 21 ദിവസം കൊണ്ട് നീന്തല്‍ സ്വായത്തമാക്കി.
പ്രായാധിക്യവും സ്വാധീനക്കുറവും അവഗണിച്ചും നീന്തല്‍ പഠിച്ച രാധാകൃഷ്ണന് നീന്തല്‍ അറിയാത്ത ബഹുഭൂരിപക്ഷത്തിനും മാതൃകയാണെന്ന് സജി വളാശേരി പറഞ്ഞു. രാവിലെ എട്ട് മണിയോടെ ആലുവ തഹസില്‍ദാര്‍ സന്ധ്യാദേവി നീന്തല്‍ ഫ്ലാഗ് ഓഫ് ചെയ്തു. അദ്വൈതാശ്രമം മഠാധിപതി ശിവസ്വരൂപാനന്ദ സ്വാമികള്‍ പങ്കെടുത്തു.
എട്ട് വര്‍ഷമായി കുട്ടികളെ സൗജന്യമായി പെരിയാറില്‍ നീന്തല്‍ പഠിപ്പിക്കുന്ന സജി വളാശേരി ഇതാദ്യമായാണ് മുതിര്‍ന്നവര്‍ക്ക് വേണ്ടി നീന്തല്‍ പരിശീലനമൊരുക്കുന്നത്. 1988 ല്‍ കളമശേരി സെന്റ് പോള്‍സ് കോളജ് ചെയര്‍മാനായിരുന്നു രാധാകൃഷ്ണന്. ആലുവ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മ്മാരും മറ്റു പ്രമുഖരും ആലുവ താലൂക്ക് ഓഫിസിലെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും രാധാകൃഷ്ണന് അഭിനന്ദനങ്ങല് അര്‍പ്പിക്കാനെത്തിയിരുന്നു. ഭാര്യ സന്ധ്യ രാധാകൃഷ്ണന് മക്കള്‍ ആതിര, അനന്തകൃഷ്ണന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."