സൂര്യയുടെ സ്വപ്നഭവനത്തിന് ശിലയിട്ടു
മണ്ണഞ്ചേരി : ധനമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റിലൂടെ സൂര്യയുടെ സ്വപ്നഭവനത്തിന് ഇന്നലെ ശിലപാകി. മണ്ണഞ്ചേരി പഞ്ചായത്തില്‍ 21 -ാം വാര്‍ഡില്‍ പരേതനായ ശിവപ്രസാദിന്റെയും പുഷ്പ്പയുടെ മകളാണ് സൂര്യപ്രസാദ്. സംസാരശേഷിയും കേള്‍വിയും ഇല്ലാത്ത സൂര്യയുടെ പിതാവ് ശിവപ്രസാദ് വര്‍ഷങ്ങള്‍ക്കുമുന്‍പ് മരണപ്പെട്ടിരുന്നു. പിതാവിന്റെ മരണശേഷം പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മിച്ച ചായ്പ്പിലാണ് ഇവര്‍ താമസിച്ചിരുന്നത്.
ദുരിതക്കയത്തിലും പഠനത്തില്‍ മികവുകാട്ടുന്ന സൂര്യയെ പി. കൃഷ്ണപിള്ള സ്മാരക ട്രസ്റ്റ് ദത്തെടുത്തു. ഈ കൊച്ചുമിടുക്കിയെ കുറിച്ച് അറിഞ്ഞ ധനമന്ത്രി ഡോ.ടി.എം തോമസ് ഐസക്ക് സൂര്യയുടെ വീട് സന്ദര്‍ശിച്ചിരുന്നു. ഇവരുടെ ജീവിതസാഹചര്യം നേരിട്ടറിഞ്ഞ മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ മനസുതുറക്കുകയായിരുന്നു. വിവരം അറിഞ്ഞ് ആസ്ത്രേലിയയിലെ മലയാളി കൂട്ടായ്മയായ ബെര്‍വിക്ക് അയല്‍ക്കൂട്ടം സഹായഹസ്തവുമായി മണ്ണഞ്ചേരിയിലെത്തി. സംഘടാഭാരവാഹികളായ ജോസ് പീറ്റരും ജോര്‍ജ്ജ് ജേക്കബ്ബും ചേര്‍ന്ന് ധനമന്ത്രിയുടെ സാന്നിധ്യത്തില്‍ വീടിന് തറക്കല്ലിട്ടു. പി.കൃഷ്ണപിള്ള ട്രസ്റ്റ് രക്ഷാധികാരി അഡ്വ.ആര്. റിയാസ്, ജില്ലാ പഞ്ചായത്തംഗം പി.എ ജുമൈലത്ത്,സി.പി.എം മാരാരിക്കുളം ഏരിയാ സെക്രട്ടറി കെ.ഡി മഹീന്ദ്രന്,മജ്ഞു രതികുമാര്‍ പങ്കെടുത്തു.
പി. കൃഷ്ണപിള്ള സ്മാരകട്രസ്റ്റിന്റെ ഭവന പദ്ധതിയിലെ മൂന്നാമത്തെ വീടാണ് സൂര്യയ്ക്ക് പണിയുന്നത്. മണ്ണഞ്ചേരി സ്വദേശികളായ നിയാസ്, ഗോപി കൃഷ്ണന്, ഗോപികാകൃഷ്ണന്‍ എന്നി സഹോദരങ്ങള്‍ക്കും ട്രസ്റ്റിന്റെ നിയന്ത്രണത്തില്‍ വീട് നിര്‍മിച്ചിരുന്നു.600 സ്ക്വയര്‍ ഫീറ്റുള്ള വീടാണ് നിര്‍മിച്ചുനല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."