നിരാലംബര്‍ക്കു തുണയായി നിശബ്ദ സുഹൃത്തുക്കള്‍
മുക്കം: ദരിദ്ര്യത്തിനും വേദനകള്‍ക്കുമിടയില്‍ ജീവിതം വഴി മുട്ടിയ നിശ്ശബ്ദരുടെ വേദനകളൊപ്പാന്‍ മുന്നിട്ടിറങ്ങിയത് ഒരുപറ്റം നിശബ്ദ യുവാക്കള്‍. തോട്ടുമുക്കം പനംപിലാവ് കരിങ്ങാതടത്തില്‍ അനീഷിന്റെയും കുടുംബത്തിന്റെയും വേദനകളൊപ്പാനാണ് ജില്ലയിലെ വിവിധ ബധിര സംഘടനകളുടെ പ്രതിനിധികളായ ഒരുപറ്റം ബധിര യുവാക്കള്‍ രംഗത്തെത്തിയത്.
വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ടു വര്‍ഷമായി കിടപ്പിലായ അനീഷിന്റെ മൂന്നു മക്കളില്‍ ഇളയ രണ്ട് പെണ്‍മക്കളും ബധിര- മൂകരും കോഴിക്കോട് റഹ്മാനിയ വികലാംഗ വിദ്യാലയത്തിലെ നാലും ഒന്‍പതും ക്ലാസുകളിലെ വിദ്യാര്‍ഥികളുമാണ്. സ്‌കൂള്‍ അധികൃതരാണ് മധ്യ വേനലവധിക്ക് സ്‌കൂള്‍ പൂട്ടിയപ്പോള്‍ കുട്ടികള്‍ക്ക് വീട്ടില്‍ പോകുമ്പോഴുള്ള പ്രയാസം ബധിരരുടെ സംഘടനകളെ അറിയിച്ചത്. തുടര്‍ന്ന് അവര്‍ കുട്ടികളുടെ വീട്ടിലെത്തി വിഷദാംശങ്ങള്‍ തിരക്കി.
ബധിരരുടെ സംഘടനകളും വ്യക്തികളും പിരിവെടുത്തു ചോര്‍ന്നൊലിക്കുന്ന വീട് നന്നാക്കുകയും വാതിലുകളും ജനലുകളും സ്ഥാപിക്കുകയും വാട്ടര്‍ ടാങ്ക്, ഫാന്‍ തുടങ്ങിയ എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്യുകയായിരുന്നു.
കൂടാതെ കുടുംബത്തിന്റെ ഏക ആശ്രയമായ അനീഷിന്റെ ചികിത്സക്ക് ആവശ്യമായ ധന സഹായവും കുട്ടികളുടെ പഠനത്തിന് വേണ്ട സഹായങ്ങളും നല്‍കി.
ബധിര അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും ദേശീയ നിര്‍വാഹക സമിതി അംഗവുമായ വി.എ യൂസുഫ്, മലബാര്‍ ഡഫ് ഫൗണ്ടേഷന്‍ പ്രസിഡന്റ് പി. ബിജു, സെക്രട്ടറി അബ്ദുല്‍ അലി, മുക്കം ഡഫ് ക്ലബ് പ്രസിഡന്റ് സുനീര്‍, സെക്രട്ടറി ഷമീം, ജില്ലാ ബധിര സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി.കെ ലോറന്‍സ്,
ബധിര വനിതാ ഫോറം സെക്രട്ടറി കവിത, തെരേസ ലോറിന്‍സ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ ആയിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."