ഗെയില്‍ വാതക പൈപ്പ് ലൈന്‍ പദ്ധതി: പ്രദേശവാസികളില്‍ ആശങ്ക വര്‍ധിപ്പിച്ച് ഭൂചലനം
കുന്നംകുളം: പെരുമ്പിലാവ്, ചാലിശ്ശേരി, തൃത്താല മേഖലയില്‍ അനുഭവപ്പെട്ട ഭൂമികുലുക്കം ഗൈല്‍ പൈപ്പ് ലൈന്‍ സംബന്ധിച്ച ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. ഭൂകമ്പ സാധ്യതാ മേഖലയായി കണക്കാക്കുന്ന സ്ഥലങ്ങളിലൂടെയാണ് ഇപ്പോള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. ഭൂചലനത്തില്‍ പല വീടുകളുടെയും ചുമരുകള്‍ക്ക് വിള്ളലുണ്ടായിട്ടുണ്ട്. അതീവ സുരക്ഷിതമായി സ്ഥാപിക്കേണ്ട ഗ്യാസ് പൈപ്പ് ലൈന്‍ സ്ഥാപിക്കുന്ന ഈ പ്രദേശങ്ങള്‍ ഭൂചലന സാധ്യത പ്രദേശങ്ങളാണെന്ന് നേരത്തെതന്നെ ഗെയില്‍ അധികൃതരെ നാട്ടുകാരും ആക്ഷന്‍ കൗണ്‍സിലുകളും ധരിപ്പിച്ചിരുന്നു. എന്നാല്‍ ഇതു സംബന്ധമായി ഒരു ശാസ്ത്രീയ പഠനം നടത്താന്‍ ഗെയില്‍ അധികൃതര്‍ തയാറായിട്ടില്ല.
സൂരക്ഷാ കാരണങ്ങളാലാണ് ജനവാസമേഖലയിലൂടെ പൈപ്പ് സ്ഥാപിക്കാന്‍ പാടില്ല എന്ന് നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്നത്. എന്നാല്‍ ഈ നിയമത്തെ നോക്കുകുത്തിയാക്കിയാണ് ഗെയില്‍ നിര്‍മാണവുമായി മുന്നോട്ടുപോകുന്നത്. തൃത്താലയിലെ നിര്‍ധിഷ്ഠ സ്റ്റേഷന്‍ പരിധിയിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. കൂറ്റനാട് കരിമ്പ പാലക്കല്‍ പീടിക ജനവാസ കേന്ദ്രങ്ങളില്‍നിന്ന് ഗെയില്‍ സബ്‌സറ്റേഷന്‍ മാറ്റണമെന്നാവശ്യപ്പെട്ട് കോടതിയില്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി നിയമിച്ച അമിക്യസ് ക്യൂറി പരിശോധന നടത്തിയിരുന്നു.
പട്ടാമ്പി മേഖലയില്‍ കഴിഞ്ഞ മൂന്നു മാസത്തോളമായി ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നുവരികയാണ്. മുന്‍വര്‍ഷങ്ങളില്‍ പ്രതിഷേധങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കി മടങ്ങിയിരുന്ന ഗെയില്‍ പദ്ധതി പ്രവര്‍ത്തകര്‍ ഇത്തവണ സര്‍ക്കാരിന്റെ പിന്തുണ നേടിയാണ് പ്രവര്‍ത്തനം നടത്തുന്നത്. അതുകൊണ്ട് തന്നെ രാഷ്ട്രീയ നേതൃത്വങ്ങളുടെയോ സംഘടനകളുടേയോ കാര്യമായ പിന്തുണയില്ലാത്ത സമരത്തിന് കാര്യമായ ചെറുത്ത് നില്‍പിന് സാധ്യമാകുന്നില്ല.
കൂറ്റനാട് ഗെയില്‍ പൈപ്പ് ഇറക്കുന്നത് തടയുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിരുന്നു.
ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള പൈപ്പ് ലൈനും ഒപ്പം ജങ്ഷനുകളും ഇത്തരം ഭൂജലന മേഖലയില്‍ കടുത്ത ദുരന്തത്തിന് വഴി വെച്ചേക്കുമെന്നാണ് പ്രേദേശവാസികളുടെ ആശങ്ക. എന്നാല്‍ ഇത് തിരിച്ചറിയാനോ നാട്ടുകാരുടെ ആശങ്ക ദുരീകരിക്കാനോ കമ്പനിയോ സര്‍ക്കാരോ തയാറാകുന്നില്ലെന്നതും ശ്രദ്ധേയമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."