പ്രായം തളര്‍ത്തിയില്ല; 66ാം വയസില്‍ പാത്തുമ്മേയ് പത്തു കടന്നു
ചേലേമ്പ്ര: പ്രായത്തെയും പരിഹസിച്ചവരെയും തോല്‍പ്പിച്ച് പത്താംക്ലാസ് തുല്യത പരീക്ഷ പത്തരമാറ്റോടെ വിജയിച്ചതിന്റെ ആഹ്ലാദത്തിലാണ് ചേലേമ്പ്ര എടണ്ടപ്പാടം കൊല്ലന്‍തൊടി പട്ടായി പറമ്പിലെ പാത്തുമ്മേയ് എന്ന പാത്തുമ്മത്ത.
തൊഴിലുറപ്പിന് മേറ്റനായി ജോലിക്കയറ്റം ലഭിക്കണമെങ്കില്‍ പത്ത് കടക്കണമെന്ന് പാത്തുമ്മയോട് അധികൃതര്‍ പറഞ്ഞപ്പോള്‍, എന്നാല്‍ പാസാവുക തന്നെ ചെയ്യും എന്ന ദൃഢനിശ്ചയത്തോടെ പാത്തുമ്മ തുല്യത പരീക്ഷക്ക് അപേക്ഷിക്കുകയായിരുന്നു. 2014-15 വര്‍ഷത്തിലാണ് ആദ്യമായി പത്താം തരം പൊതു പരീക്ഷക്കിരുന്നത്. അന്ന് മലയാളം, ഹിന്ദി, ബയോളജി, ഐ.ടി എന്നീ നാല് പേപ്പറുകള്‍ പാസായി.
2016-17 ബാക്കിയുളള മുഴുവന്‍ പേപ്പറും എഴുതി പാസായി. കെമിസ്ട്രിയില്‍ എ ഗ്രേഡ് മാര്‍ക്ക് ഉള്‍പ്പെടെ മികച്ച മാര്‍ക്കോടെയാണ് വയസുകാലത്ത് പത്തുമ്മയ് പത്തു കടന്നത്. വയസുകാലത്ത് പഠിച്ചിട്ടെന്താണെന്ന് പരിഹസിച്ച ഒരുപാട് ആളുകളുണ്ടെന്നും എന്റെ വിജയം ഇനിയും പഠിക്കാനുളള പ്രചോദനം നല്‍കുന്നുവെന്നും പ്ലസ് വണ്ണിന് തുല്യത പരീക്ഷക്ക് അപേക്ഷിക്കുമെന്നും പാത്തുമ്മെയ് പറയുന്നു.
നേരത്തെ 2006ല്‍ വീടിന് സര്‍ക്കാരില്‍ നിന്ന് പണം ലഭ്യമാകാത്തതിനെ തുടര്‍ന്ന് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി കാര്യം നേടിയെടുത്ത കഥ കൂടി പറയുന്ന പാത്തുമ്മയുടെ ഭര്‍ത്താവ് ഓട്ടു കമ്പനി ജോലിക്കാരനായിരുന്ന മോയിന്‍ കുട്ടി ഹാജി പതിനെട്ട് വര്‍ഷം മുമ്പ് മരണപ്പെട്ടതാണ്. മക്കളില്ലാത്ത പാത്തുമ്മെയ് ഒറ്റക്കാണ് താമസം. ഭര്‍ത്താവിന്റെ മരണ ശേഷം ബീഡി നിര്‍മാണം, തയ്യല്‍പ്പണി എന്നീ തൊഴിലുകളുമായിട്ടാണ് ജീവിതം മുന്നോട്ട് തളളിയത്. ഇപ്പോള്‍ അപസ്മാര രോഗത്തിന്റെ പ്രയാസം അലട്ടുന്നതിനാല്‍ സ്ഥിരമായി മരുന്ന് കഴിക്കുന്നുണ്ട്.എന്നാല്‍ സപ്ലൈ ഓഫിസറുടെ അടുത്തും കളക്ടറുടെ അടുത്തുമെല്ലാം പരാതിയുമായി ചെന്നിട്ടും തനിക്ക് ഇത് വരെ റേഷന്‍ കാര്‍ഡ് അനുവദിച്ച് ലഭിച്ചിട്ടില്ല എന്ന് പാത്തുമ്മയ് പരിതപിക്കുന്നു. ഇന്നലെ ചേലേമ്പ്ര പഞ്ചായത്തില്‍ വെച്ച് പാത്തുമ്മെയെയും ഒപ്പം പരീക്ഷയെഴുതി പത്ത് കടന്ന അറുപത്കാരനായ ശ്രീധരന്‍ നായരെയും അവാര്‍ഡ് നല്‍കി ആദരിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."