പൊലിസിന്റെ 'പരാതി'ക്ക് പരിഹാരമായി: അപകട ഭീഷണി ഉയര്‍ത്തിയ മരം മുറിച്ചുമാറ്റി
പള്ളിക്കല്‍: വൈകിയാണെങ്കിലും പൊലിസ് നല്കിയ പരാതിക്ക് പരിഹാരമായി. പൊലിസ് സ്റ്റേഷന് കവാടത്തിനോട് ചേര്‍ന്ന് അപകട ഭീഷണി ഉയര്‍ത്തിയ ചീനിമരം മുറിച്ചു മാറ്റുന്നതിന് നടപടിയാരംഭിച്ചു.
കാലിക്കറ്റ് സര്‍വകലാശാലാ പരിധിയില്‍പെട്ട സ്ഥലത്ത് പൊലിസ് സ്റ്റേഷന് കവാടത്തിനോട് ചേര്‍ന്നായിരുന്നു ശിഖരങ്ങള്‍ ദ്രവിച്ച നിലയിലുള്ള ചീനിമരം നിന്നിരുന്നത്. സ്റ്റേഷന് വളപ്പിലും കവാടത്തിന് പുറത്തും പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്ക് മുകളില്‍ മരത്തിന്റെ ദ്രവിച്ച ശിഖരങ്ങള്‍ പൊട്ടി വീഴുന്നത് പതിവായതോടെയാണ് മരം അപകടാവസ്ഥയിലാണെന്നു കാണിച്ച് തേഞ്ഞിപ്പലം പൊലിസ് സര്‍വകലാശാലാ അധികൃതര്‍ക്ക് പരാതി നല്‍കിയത്.
ചെറിയ കാറ്റടിച്ചാല്‍ പോലും ശിഖിരങ്ങള്‍ പൊട്ടിവീഴുന്നത് കാല്‍നട യാത്രക്കാര്‍ക്കും ഏറെ ഭീഷണിയായിരുന്നു. കഴിഞ്ഞ ജൂലൈ എട്ടിന് നല്കിയ പരാതിയില്‍ എട്ടു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് പരിഹാരമായത്. വര്‍ഷങ്ങളോളം പൊലിസ് സ്റ്റേഷനിലേക്കും തൊട്ടടുത്ത കെ.എസ്.ഇ.ബി ഓഫിസിലേക്കും വരുന്നവര്‍ക്ക് തണലേകിയിരുന്ന തണല്‍മരമാണ് ഇതോടെ ഇല്ലാതായത്.
തണലേകുന്നതിനായി കവാടത്തിനരികില്‍ ഫല വൃക്ഷത്തൈ നട്ടുപിടിപ്പിക്കണമെന്ന അഭിപ്രായത്തിലാണ് തേഞ്ഞിപ്പലം പൊലിസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."