പെരിന്തല്‍മണ്ണയിലെ ട്രാഫിക് ക്രമീകരണം: പ്രതിഷേധം ശക്തമാകുന്നു; പിന്‍വലിക്കില്ലെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മിറ്റി
പെരിന്തല്‍മണ്ണ: നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമെന്ന ലക്ഷ്യത്തോടെ പെരിന്തല്‍മണ്ണയില്‍ ഞായറാഴ്ച മുതല്‍ നടപ്പാക്കിയ അഞ്ചാംഘട്ട ട്രാഫിക് ക്രമീകരണത്തിനെതിരേ പ്രതിഷേധം ശക്തമാകുന്നു. നഗരത്തിലെത്തുന്ന യാത്രക്കാര്‍ കൂടുതലായും ആശ്രയിച്ചിരുന്ന നഗരസഭാ ഓഫിസിനു മുന്‍പിലെ സ്റ്റോപ്പ് നിര്‍ത്തലാക്കിയതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാരും ബസ് ഉടമകളും വ്യാപാരികളും ഉള്‍പ്പടെയുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ പത്തുമുതല്‍ നിര്‍ത്തലാക്കിയ സ്റ്റോപ്പ് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് താമരത്ത് ഉസ്മാന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ പരിസരത്ത് ബസുകള്‍ തടഞ്ഞ് യാത്രക്കാരെ കയറ്റി.
ഉച്ചവരെ പ്രതിഷേധം തുടര്‍ന്നെങ്കിലും പൊലിസ് കാഴ്ചക്കാരായി നിന്നു. പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ പ്രതിഷേധങ്ങള്‍ക്കുശേഷവും മിക്ക ബസുകളും നിര്‍ത്തലാക്കിയ സ്റ്റോപ്പുകളില്‍ നിന്നും യാത്രക്കാരെ കയറ്റി തന്നെയാണ് ഇന്നലെ സര്‍വീസ് നടത്തിയത്. പ്രതിഷേധങ്ങളൊക്കൊടുവില്‍ ബന്ധപ്പെട്ടവരുമായി നടത്തിയ ചര്‍ച്ചയില്‍ നഗരസഭാ പരിസരത്തെ സ്റ്റാന്‍ഡ് പുനഃസ്ഥാപിച്ചതായാണ് പ്രതിപക്ഷാംഗങ്ങള്‍ പറഞ്ഞത്. എന്നാല്‍ യാതൊരുകാരണവശാലയും ക്രമീകരണം പിന്‍വലിക്കില്ലെന്നും പുതിയ പരിഷ്‌ക്കാരം യാത്രക്കാര്‍ക്ക് മനസിലാക്കികൊടുക്കുന്നതിനുവേണ്ടി ഒരാഴ്ചയോളം നിര്‍ത്തലാക്കിയ സ്റ്റോപ്പുകളില്‍ ബസുകള്‍ സര്‍വിസ് നടത്തുന്നത് തടയില്ലെന്നും നഗരസഭാ ചെയര്‍മാന്‍ എം.മുഹമ്മദ് സലീം പ്രതികരിച്ചു.
ട്രാഫിക് ജങ്ഷന്‍ മുതല്‍ മാനത്തുമംഗലം ബൈപാസ് വരെയുള്ള ഭാഗങ്ങളില്‍ ബസ് സ്റ്റോപ്പുകള്‍ തന്നെ ഇല്ലാത്തവിധം കോഴിക്കോട് റോഡിലെ രണ്ടു സ്റ്റാന്‍ഡുകള്‍ നിര്‍ത്തലാക്കിയാണ് പുതിയ പരിഷ്‌ക്കാരം നടപ്പാക്കിയിരിക്കുന്നത്.
കോട്ടക്കല്‍, വളാഞ്ചേരി, മലപ്പുറം, മഞ്ചേരി, വെട്ടത്തൂര്‍, മേലാറ്റൂര്‍, നിലമ്പൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാരാണ് നഗരസഭാ ഓഫിസിനു മുന്‍പിലെ ബസ് സ്റ്റോപ്പ് ഉപയോഗിച്ചിരുന്നത്. ഇവര്‍ ഇനി തിരക്കേറിയ ട്രാഫിക് ജങ്ഷനും മുറിച്ച് കടന്ന് മണ്ണാര്‍ക്കാട് റോഡില്‍ പുതുതായി നിര്‍മിച്ച ബസ് സ്റ്റോപ്പ് വരെ പോകേണ്ടിവരും. ചെര്‍പ്പുളശേരി, പട്ടാമ്പി ഭാഗങ്ങളിലേക്ക് പോകുന്നവരാണ് സംഗീത തിയറ്ററിന് മുന്‍വശത്തെ സ്റ്റോപ്പ് ആശ്രയിച്ചിരുന്നത്. ഈ യാത്രക്കാര്‍ ഇനിമുതല്‍ പട്ടാമ്പി റോഡിലെ ബ്ലോക്ക് ഓഫിസിനു മുന്നിലെ ബസ് സ്റ്റോപ്പും ആശ്രയിക്കേണ്ടിവരും. പുതിയ ക്രമീകരണം മൂലം സര്‍വിസ് നടത്താന്‍ പ്രശ്‌നമാണെന്ന് കാണിച്ച് ബസുടമകള്‍ സമരം നടത്തുമെന്നു നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികളും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."