മലയോരത്ത് കമുക് കൃഷി നശിക്കുന്നു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
കുറ്റ്യാടി: മലയോര മേഖലയില്‍ കമുക് കൃഷി നശിക്കുന്നത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. കാവിലുംപാറ, മരുതോങ്കര, കായക്കൊടി, നരിപ്പറ്റ പഞ്ചായത്തുകളിലെ മലയോര മേഖലയിലെ കര്‍ഷകരുടെ മുഖ്യ വരുമാന മാര്‍ഗമായ കമുക് കൃഷിയാണ് വിവിധ രോഗങ്ങള്‍ ബാധിച്ചും കനത്തവേനലിലും നശിക്കുന്നത്.
പ്രധാന അടക്ക ഉല്‍പാദന കേന്ദ്രമായ കരിങ്ങാട്, പശുക്കടവ്, മുറ്റത്തെപ്ലാവ്, ചൂരണി എന്നിവിടങ്ങളില്‍ അടക്ക ഉല്‍പാദനത്തില്‍ അന്‍പതും അറുപതും ശതമാനത്തിന്റെ കുറവ് വന്നതായി കര്‍ഷകരും കൃഷിവകുപ്പും പറയുന്നു.
മലയോര പഞ്ചായത്തുകളുടെ താഴ്‌വാരത്തും കുന്നിന്‍ചരിവുകളിലും നിബിഡമായി വളര്‍ന്നിരുന്ന കമുക് തോട്ടങ്ങള്‍ മിക്കതും ഇന്ന് അപ്രത്യക്ഷമായിക്കഴിഞ്ഞു. കൂമ്പുചീയലും മണ്ഡരിയും തെങ്ങോലപ്പുഴു ശല്യവും അടക്കമുള്ള രോഗങ്ങള്‍ ബാധിച്ച് തെങ്ങുകൃഷി നശിച്ച മലയോര കര്‍ഷകരുടെ ആശ്വാസമായിരുന്ന കമുക് കൃഷി കൂടി പ്രതിസന്ധിയിലാവുന്നത് മലയോരത്ത് കനത്ത ആശങ്കയാണ് സൃഷ്ടിച്ചിട്ടുള്ളത്.
മഞ്ഞളിപ്പ്, മഹാളി രോഗങ്ങളാണ് കമുക് കൃഷിയെ പ്രധാനമായും ബാധിക്കുന്നത്. ഇതിനു പുറമെ കടുത്ത വേനലില്‍ കമുകുകള്‍ ഉണങ്ങി നശിക്കുന്നതും പതിവായിട്ടുണ്ട്. നേരത്തെ ഒരു കിലോ അടക്കക്ക് അന്‍പതിനു താഴെ മാത്രം വിലയുണ്ടായിരുന്ന സ്ഥാനത്തു 150 രൂപ വരെ വില വര്‍ധിക്കുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇതിന്റെ ഗുണഫലം കര്‍ഷകര്‍ക്ക് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.
മലയോര മേഖലയിലെ കമുക് കൃഷി സമ്പൂര്‍ണ നാശത്തിലേക്കു നീങ്ങിയിട്ടും കര്‍ഷകര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്‍കാനോ കൃഷി പ്രോത്സാഹിപ്പിക്കാനോ ആവശ്യമായ പദ്ധതികളൊന്നും കൃഷി വകുപ്പ് ആവിഷ്‌കരിക്കുന്നില്ലെന്ന് കര്‍ഷകര്‍ പറയുന്നു.
സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ നടപ്പാക്കുന്ന കമുക് കൃഷി പുനരുദ്ധാരണ പദ്ധതിയുടെ പ്രയോജനവും കൃഷി നശിച്ച കര്‍ഷകര്‍ക്കു ലഭിക്കുന്നില്ലെന്ന് കര്‍ഷകര്‍ പരാതിപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."