പകര്‍ച്ചവ്യാധി നിയന്ത്രണ മുന്നൊരുക്കം: ആരോഗ്യ സന്ദേശ യാത്രയുമായി ആരോഗ്യവകുപ്പ്
കല്‍പ്പറ്റ: പകര്‍ച്ചവ്യാധി നിയന്ത്രണ മുന്നൊരുക്കങ്ങളുടെ ഭാഗമായി ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനുള്ള ആരോഗ്യസന്ദേശ യാത്ര 2017 നടത്തുമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വര്‍ധിച്ചുവരുന്ന പകര്‍ച്ച വ്യാധികളായ ഡെങ്കിപ്പനി, മലമ്പനി, എലിപ്പനി, കുരങ്ങുപനി, വയറിളക്കം, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം തുടങ്ങിയ പകര്‍ച്ചവ്യാധികളാണ് പൊതുവായി ജില്ലയില്‍ കണ്ടുവരുന്നത്.
ഇവയുടെ ആധിക്യം പരമാവധി കുറക്കുകയും പകര്‍ച്ചവ്യാധികള്‍ കാരണമുണ്ടാകുന്ന മരണങ്ങള്‍ തടയുകയുമാണ് ആരോഗ്യസന്ദേശയാത്രയുടെ ലക്ഷ്യം. ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിലും ജനപ്രതിനിധികള്‍, പൗരപ്രമുഖര്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. ഇതോടൊപ്പം എല്ലാവര്‍ക്കും എല്ലാപ്രായത്തിലും മെച്ചപ്പെട്ട ആരോഗ്യത്തോടെയുള്ള ജീവിതം ലക്ഷ്യംവക്കുന്ന ആര്‍ദ്രം പദ്ധതിയുടെ പ്രചാരണവും നടത്തും.
പരിപാടയില്‍ കോഴിക്കോട് സര്‍വകലാശാലയിലെ എം.എസ്.ഡബ്ല്യു വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ നടക്കും. ആരോഗ്യസന്ദേശ യാത്രയുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് കല്‍പ്പറ്റ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സി.കെ ശശീന്ദ്രന്‍ എം.എല്‍.എ നിര്‍വഹിക്കും.
കല്‍പ്പറ്റ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഉമൈബ മൊയ്തീന്‍കുട്ടി അധ്യക്ഷയാവും. ജില്ലയിലെ നാല് റവന്യൂ ബ്ലോക്കുകളിലായി 13 കേന്ദ്രങ്ങളില്‍ ബഹുജന പങ്കാളിത്തത്തോടെ ബോധവല്‍കരണം നടത്തും. നാളെ മുതല്‍ 28 വരെ നടക്കുന്ന ബോധവല്‍ക്കരണ യാത്ര ആദ്യ ദിനം കല്‍പ്പറ്റയില്‍ നിന്നും ആരംഭിച്ച് വൈത്തിരി, വടുവന്‍ചാല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തും.
25ന് പടിഞ്ഞാറത്തറ, കോറോം, വെള്ളമുണ്ട രണ്ടേനാല്‍, വള്ളിയൂര്‍ക്കാവ് എന്നിവിടങ്ങളിലും 27ന് കോട്ടത്തറ, മീനങ്ങാടി, ചീരാല്‍ എന്നിവിടങ്ങളിലും 28ന് കേണിച്ചിറ, പുല്‍പ്പള്ളി, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളിലും പര്യടനം നടത്തും. യാത്രയോടനുബന്ധിച്ച് ജില്ലയിലുടനീളം ബോധവല്‍ക്കരണ റാലി, സിഡി പ്രദര്‍ശനം, നാടന്‍ കലകള്‍, തെരുവ് നാടകം എന്നിവയും നടക്കും.
വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആര്‍ വിവേക് കുമാര്‍, ഡോ. അഭിലാഷ്, ഡോ. കെ.എസ് അജയന്‍, ഡോ. പി ദിനീഷ്, മാസ് മീഡിയ ഓഫിസര്‍ ബേബി നാപ്പള്ളി, ഹംസ ഇസ്മാലി എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."