ദുര്‍ബലമായ മരങ്ങള്‍ മുറിച്ചു നീക്കിയില്ല മഴയത്ത് അപകടഭീതി ഉയര്‍ത്തി റോഡരികിലെ പാഴ്മരങ്ങള്‍
ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി സംസ്ഥാന പാതയരികിലും ചെര്‍പ്പുളശ്ശേരി റോഡിലുമെല്ലാം അപകട ഭീഷണി ഉയര്‍ത്തി മരങ്ങള്‍. മഴക്കാലമായതോടെ ഇവയുടെ കൊമ്പൊടിഞ്ഞു വീണും മറ്റും ഗതാഗത സ്തംഭനവും വൈദ്യുതി മുടക്കവും പതിവായിട്ടുണ്ട്. മഴയത്തും ചെറിയ കാറ്റില്‍ പോലും പൊട്ടിവീണ് അപകടം ഉണ്ടാക്കാന്‍ സാധ്യതയുള്ള വിധത്തിലാണ് മരങ്ങള്‍ നില്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം കോതമംഗലത്ത് മരം സ്കൂള്‍ ബസ്സിനു മുകളില്‍ വീണ് അഞ്ച് കുട്ടികള്‍ മരിച്ച സംഭവത്തിന് ഒരു വര്‍ഷമായി. കുട്ടികള്‍ക്ക് അപകടം സംഭവിച്ചതിന്റെ ഭാഗമായി റോഡരികില്‍ അപകട ഭീഷണി ഉയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ അന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഒറ്റപ്പാലം മേഖലയില്‍ അപകട ഭീഷണിയുള്ള മരത്തിന്റെ കൊമ്പുകള്‍ വരെ മുറിച്ചു നീക്കിയിരുന്നില്ല.
റെയിന്‍ ട്രീ, അഥവാ അറബിപുളി എന്ന് വിളിക്കുന്ന ദുര്‍ബലമായ മരങ്ങള്‍ പാതയോരങ്ങളില്‍ ധാരാളമുണ്ട്. മണ്ണിനടിയിലേക്ക് കുറച്ച് മാത്രം വേരുകള്‍ പടര്‍ത്തി വളരെ പെട്ടെന്ന് വളര്‍ന്ന് തണല്‍ തരുന്ന വ്യക്ഷമാണ് വാക. വേനല്‍ക്കാലത്ത് തളിര്‍ത്ത് പൂത്ത് കായ്ക്കുന്ന ഈ മരം പെട്ടെന്ന് പടര്‍ന്നു പന്തലിക്കും. ഈ മരത്തിനകത്ത് ജലം സംഭരിച്ചു വെക്കാനുള്ള കഴിവുമുണ്ട്.
പെട്ടെന്ന് വളരുന്ന പോലെ കൊമ്പൊടിഞ്ഞും കടപുഴകിയും ഈ മരം പെട്ടെന്ന് വീഴും. കാറ്റ് പിടിക്കുന്ന ഇലകള്‍ക്ക് അത്യാവശ്യം വേഗതയുള്ള കാറ്റിനെ പ്രതിരോധിക്കാനാവില്ല. കട പുഴകിയോ ഒടിഞ്ഞോ വീഴും. മഴക്കാലത്ത് കേരളത്തിലെ റോഡുകളില്‍ ഒടിഞ്ഞ് വീണ് അപകടവും മരണും ഗതാഗത സ്തംഭനവും ഉണ്ടാക്കുന്നതില്‍ ഈ വ്യക്ഷം സാരമായ പങ്ക് വഹിച്ചു വരുന്നുണ്ട്. ചെടി നട്ട് കഴിഞ്ഞാല്‍ വര്‍ഷങ്ങള്‍ക്കകം തന്നെ മരമായി വേനലില്‍ തണല്‍ നല്കാന് കഴിവുള്ള മരമാണെങ്കിലും മഴക്കാലത്ത് ഇത് അപകട ഭീഷണി ഉയര്‍ത്തും. കുളപ്പുള്ളി പാലക്കാട് സംസ്ഥാന പാതയരികില്‍ ഈസ്റ്റ് മനിശ്ശേരി ഭാഗത്ത് റോഡിലേക്ക് ചാഞ്ഞ് നില്ക്കുന്ന മരങ്ങള്‍ ഉണ്ട്. ഈ ഭാഗത്തെ മരങ്ങളുടെ വലിയ കൊമ്പുകള്‍ വരെ റോഡിലേക്ക് ചാഞ്ഞാണ് നില്‍ക്കുന്നത്. ഒറ്റപ്പാലം ടി.ബി. റോഡിലും പാലപ്പുറത്തും ഈ ഇനത്തില്‍പെട്ട മരങ്ങള്‍ അപകടഭീഷണി ഉയര്‍ത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."