മക്ക മസ്ജിദ് സ്‌ഫോടന കേസ്: അസിമാനന്ദക്ക് ജാമ്യം
ഹൈദരാബാദ്: മക്ക മസ്ജിദ് സ്‌ഫോടനക്കേസില്‍ മുന്‍ ആര്‍.എസ്.എസ് നേതാവ് സ്വാമി അസിമാനന്ദക്ക് ജാമ്യം. ഹൈദരാബാദിലുള്ള കോടതിയാണ് ജാമ്യം അനുവദിച്ചത്. തുടര്‍നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ താമസിയാതെ അസിമാനന്ദ പുറത്തിറങ്ങും.
2007 മെയ് 18ന് ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തില്‍ ഒന്‍പതുപേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് അസിമാനന്ദ.
സ്‌ഫോടനത്തിന് പിന്നില്‍ പാക് ഭീകര സംഘടനയായ ലഷ്‌കറെ ത്വയ്ബയാണെന്ന് സംശയിച്ചിരുന്നു.
പിന്നീട് എന്‍.ഐ.എ നടത്തിയ അന്വേഷണത്തിലാണ് അസിമാനന്ദയുടെ പങ്ക് വ്യക്തമായത്.
അജ്മീര്‍ ദര്‍ഗ സ്‌ഫോടനം,സംഝോത എക്‌സ്പ്രസില്‍ നടത്തിയ സ്‌ഫോടനം തുടങ്ങിയ കേസുകളിലും പ്രതിയാണ് അസിമാനന്ദ. 2007ല്‍ നടന്ന അജ്മീര്‍ സ്‌ഫോടനക്കേസില്‍ എന്‍.ഐ.എ കോടതി കഴിഞ്ഞ ദിവസം അസിമാനന്ദയേയും കൂട്ടുപ്രതികളായ ആറുപേരെയും വെറുതെ വിട്ടിരുന്നു. ഈ കേസില്‍ മുഖ്യപ്രതിയെന്ന് ചൂണ്ടിക്കാട്ടിയാണ് എന്‍.ഐ.എ ഇയാള്‍ക്കെതിരേ കുറ്റപത്രം സമര്‍പ്പിച്ചത്.
2007ല്‍ തന്നെയാണ് 70 യാത്രക്കാരുടെ മരണത്തിനിടയാക്കിയ സംഝോത എക്‌സ്പ്രസ് ട്രെയിനിലുണ്ടായ സ്‌ഫോടനവും. ഇതിന് പിന്നിലും അസിമാനന്ദയാണെന്ന് കണ്ടെത്തിയിരുന്നു.
ഇന്ത്യയില്‍ നിന്ന് പാകിസ്താനിലേക്കുള്ള ട്രെയിനാണ് സംഝോത എക്‌സ്പ്രസ്. 42 പാക് പൗരന്മാരും സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഇതേതുടര്‍ന്ന് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് പാക് സര്‍ക്കാര്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. അജ്മീര്‍ സ്‌ഫോടനക്കേസില്‍ അസിമാനന്ദയെ വെറുതെ വിട്ടതില്‍ പാക് സര്‍ക്കാര്‍ ഇന്ത്യന്‍ സ്ഥാനപതിയെ വിളിച്ചുവരുത്തി ആശങ്ക അറിയിച്ചിരുന്നു.
ട്രെയിന്‍ ഭീകരാക്രമണത്തില്‍ ഇയാളുടെ പങ്ക് കണ്ടെത്തിയതിനാല്‍ 2010 മുതല്‍ ജയിലിലാണ്. എന്നാല്‍ കേസില്‍ ജാമ്യം അനുവദിച്ചെങ്കിലും മക്ക മസ്ജിദ് കേസ് നിലനില്‍ക്കുന്നതിനാല്‍ ഇയാള്‍ ജയിലില്‍ തന്നെയായിരുന്നു.
ഇപ്പോള്‍ രാജസ്ഥാനിലെ ജെയ്പൂര്‍ ജയിലിലുള്ള അസിമാനന്ദക്ക് മക്ക മസ്ജിദ് സ്‌ഫോടനകേസിലും ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങാനാവും. 2014ല്‍ പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് സംഝോത സ്‌ഫോടനക്കേസില്‍ അസിമാനന്ദക്ക് ജാമ്യം അനുവദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."