തമിഴ്‌നാട് ഉപതെരഞ്ഞെടുപ്പ്; ആരെയും പിന്തുണക്കില്ലെന്ന് രജനികാന്ത്
ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയേയും താന്‍ പിന്തുണക്കുന്നില്ലെന്ന് സിനിമാതാരം രജനികാന്ത്. ഉപതെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാര്‍ഥി ഗംഗൈ അമരനും രജനിയും കഴിഞ്ഞദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ഇതാണ് തെരഞ്ഞെടുപ്പില്‍ രജനികാന്തിന്റെ പിന്തുണ ബി.ജെ.പിക്കാണെന്നരീതിയില്‍ വാര്‍ത്ത പ്രചരിച്ചത്.
ഈ സാഹചര്യത്തിലാണ് തന്റെ നിലപാട് വ്യക്തമാക്കി രജനികാന്ത് രംഗത്തെത്തിയത്. ട്വീറ്ററിലാണ് അദ്ദേഹം താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെയും പിന്തുണക്കുന്നില്ലെന്ന് അറിയിച്ചത്.
രജനികാന്തിനൊപ്പം ഗംഗൈ അമരന്‍ നില്‍ക്കുന്ന ചിത്രം ചൊവ്വാഴ്ച്ച പുറത്തുവന്നിരുന്നു. സംഗീത സംവിധായകന്‍ കൂടിയായ അമരന്റെ മകനും സംവിധായകനുമായ വെങ്കട് പ്രഭുവാണ് ട്വിറ്ററില്‍ ചിത്രം പങ്കുവെച്ചത്. രജനികാന്ത് തന്റെ പിതാവിന് രാഷ്ട്രീയ വിജയം ആശംസിച്ചതായും വെങ്കട് പ്രഭു അവകാശപ്പെട്ടിരുന്നു. രജനികാന്ത് ബി.ജെ.പിയെ പിന്തുണയ്ക്കുന്നുവെന്ന തരത്തിലാണ് വെങ്കട് പ്രഭുവിന്റെ ട്വീറ്റ് പ്രചരിക്കപ്പെട്ടത്.
രജനികാന്തിന്റെ പരാമര്‍ശങ്ങള്‍ തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിച്ചതാണ് മുന്‍കാല ചരിത്രം. 1996ലെ നിയമസഭാ തെരഞ്ഞെടുപ്പിനിടെ താരം ജയലളിതയ്‌ക്കെതിരേ ആഞ്ഞടിച്ചിരുന്നു. ജയലളിത വീണ്ടും അധികാരത്തില്‍ വന്നാല്‍ ദൈവത്തിന് പോലും തമിഴ്‌നാടിനെ രക്ഷിക്കാന്‍ കഴിയില്ലെന്നായിരുന്നു അന്ന് അദ്ദേഹം നടത്തിയ പരാമര്‍ശം.
രജനിയുടെ വാക്കുകള്‍ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വിയാണ് ജയക്ക് സമ്മാനിച്ചത്. ജയയുടെ മരണശേഷം മുന്‍പരാമര്‍ശത്തില്‍ രജനി ഖേദമറിയിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."