ജില്ലയിലെ പശുവളര്‍ത്തലുകാര്‍ പ്രതിസന്ധിയില്‍: പാല്‍ സംഭരണത്തിലും കുറവ്; പച്ചപ്പുല്ലും വൈക്കോലും കിട്ടാനില്ല
കൊഴിഞ്ഞാമ്പാറ: വേനല്‍ കനത്തതോടെ ജില്ലയില്‍ വൈക്കോലും പച്ചപ്പുല്ലും കിട്ടാനില്ലാതെ പശുവളര്‍ത്തലുകാര്‍ നട്ടം തിരിയുകയാണ്. ഇത്തവണ രണ്ടാംവിള നെല്‍കൃഷി മുന്‍വര്‍ഷത്തേക്കാള്‍ 70 ശതമാനത്തോളം കുറവുമാത്രമാണ് കൊയ്‌തെടുക്കാനായത്. ബാക്കിയുള്ളവ ഉണങ്ങി നശിക്കുകയോ വെള്ളം കിട്ടാത്തതിനാല്‍ കൃഷിയിറക്കാനാകാതെ വരികയോ ചെയ്തു. വൈക്കോല്‍ക്ഷാമം രൂക്ഷമാക്കിയത് ഇതാണ്. എത്ര വില കൊടുക്കാന്‍ തയ്യാറായാലും വൈക്കോല്‍ കിട്ടാനില്ല. ഒരേക്കറിലെ വൈക്കോലിന് കഴിഞ്ഞവര്‍ഷം 8,000-10,000 രൂപ വിലയുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍18,000-20,000 രൂപയായി.
അടുത്തിടെ കാവശ്ശേരിയില്‍ കൊയ്ത ഒന്നേകാല്‍ ഏക്കറിലെ വൈക്കോല്‍ വിറ്റത് 25,000 രൂപയ്ക്കാണ്. മില്‍മ ക്ഷീര സംഘങ്ങള്‍ വഴി വൈക്കോല്‍ കിലോഗ്രാമിന് ഏഴുരൂപമുതല്‍ ഒമ്പതുരൂപവരെ സബ്‌സിഡി നിരക്കില്‍ എത്തിച്ചു കൊടുക്കുന്നുണ്ട്. ഇപ്പോഴത്തെ സ്ഥിതിയില്‍ ഇത് എത്രനാള്‍കിട്ടുമെന്ന് ഉറപ്പില്ല. തമിഴ്‌നാട്ടില്‍ നിന്നും തൃശ്ശൂര്‍ കോള്‍ പാടങ്ങളില്‍ നിന്നുമാണ് ഇത് എത്തിക്കുന്നത്.
നാട്ടിന്‍പുറങ്ങളിലെ തൊടികളില്‍ സമൃദ്ധമായി കിട്ടിയിരുന്ന പച്ചപ്പുല്ല് ഇത്തവണ എങ്ങും കാണാനില്ല. എല്ലാം ഉണങ്ങി. കൃഷിയിറക്കാത്തതും കൃഷിയുണങ്ങിയതുമായ പാടങ്ങളില്‍ പശുക്കളെ വിടുന്നുണ്ട്. എന്നാല്‍ കടുത്തചൂടില്‍ ഇവയ്ക്ക് സൂര്യാഘാത സാധ്യതയും നിലനില്‍ക്കുന്നുണ്ട്. തീറ്റപ്പുല്ല് കിട്ടുന്നത് കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്ന് സ്വകാര്യ കച്ചവടക്കാര്‍ എത്തിക്കുന്ന പുല്ലിന് കിലോഗ്രാമിന് ഏഴുരൂപയാണ്. ജില്ലയിലെ പ്രാദേശിക തീറ്റപ്പുല്ല് കര്‍ഷകര്‍ കിലോയ്ക്ക് മൂന്നരരൂപയ്ക്ക് വൈക്കോല്‍ നല്‍കുന്നുണ്ട്. ക്ഷീരസംഘങ്ങളില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പുല്ല് യഥാസമയം കിട്ടുന്നില്ല.
വയനാട്, അട്ടപ്പാടി, കാസര്‍കോട് എന്നിവിടങ്ങളില്‍ നിന്നാണ് തീറ്റപ്പുല്ല് സംഘങ്ങളിലെത്തിക്കുന്നത്. കിലോയ്ക്ക് മൂന്നുരൂപയ്ക്കാണ് ക്ഷീരസംഘങ്ങള്‍ തീറ്റപ്പുല്ല് നല്കുന്നത്. കാലിത്തീറ്റ വില കൂടിയത് കര്‍ഷകരുടെ പ്രതിസന്ധിക്ക് ആക്കം കൂട്ടുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 105 രൂപയാണ് 50 കിലോയുടെ ഒരു ചാക്ക് കാലിത്തീറ്റയുടെ വില വര്‍ധിച്ചത്. 1.010 രൂപയാണ് ഒരു ചാക്ക് കാലിത്തീറ്റയുടെ വില.
അഞ്ചു ലിറ്റര്‍ പാലുത്പ്പാദിപ്പിക്കുന്ന പശുവിന് ദിവസം എട്ടുകിലോഗ്രാം കാലിത്തീറ്റ കൊടുക്കണം. ഇതിന് 161.60 രൂപയാകും. ഒരു ലിറ്റര്‍ പാലിന് ശരാശരി 29.50 രൂപയാണ് ക്ഷീരസംഘം നല്‍കുക. അഞ്ചുലിറ്റര്‍ പാല്‍ വിറ്റാല്‍ കിട്ടുന്നത് 147.5 രൂപയും.
ഒരു ലിറ്റര്‍ പാല്‍ ഉത്പാദിപ്പിക്കുമ്പോള്‍ കര്‍ഷകന് 3.50 രൂപ നഷ്ടമാണുണ്ടാകുന്നത്. അധ്വാനത്തിന്റെ കൂലി കിട്ടാതെയാണിത്. 38.40 രൂപയ്ക്കാണ് മില്‍മ പാല്‍ വില്‍ക്കുന്നത്. പാലുല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തമായിരുന്ന മലബാര്‍ മേഖലയിലും കനത്ത ചൂടില്‍ ക്ഷീരമേഖലയും തളര്‍ന്നു.
പ്രതിദിനം ആറുലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുകയും വില്പനകഴിഞ്ഞ് ഒന്നരലക്ഷത്തോളം ലിറ്റര്‍ മറ്റ് മേഖലാ യൂണിനുകള്‍ക്ക് വില്പന നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, വേനല്‍ കടുത്തതോടെ ജനുവരിയില്‍ തന്നെ പാല്‍സംഭരണത്തില്‍ കഴിഞ്ഞ വര്‍ഷത്തേക്കാളും 60,000 ലിറ്ററിന്റെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ജനുവരിയിലെ പ്രതിദിന സംഭരണം 5,69240 ലിറ്ററായിരുന്നത് ഇപ്പോള്‍ 5,09,575 ലിറ്ററായാണ് കുറഞ്ഞിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പാലുത്പാദനത്തില്‍ 10ശതമാനം വളര്‍ച്ചയുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ കാലവര്‍ഷത്തിന്റെ കുറവുമൂലം മേച്ചില്‍ പുറങ്ങള്‍ ഇല്ലാതായതോടെ കാലിവളര്‍ത്തല്‍ പ്രതിസന്ധിയിലായതും പ്രതിസന്ധിയിലായതും പാലുത്പാദനത്തെ ബാധിച്ചു.
സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ പാലുത്പാദിപ്പിക്കുന്ന പാലക്കാട് ജില്ലയില്‍ മാത്രം ഒന്നരവര്‍ഷത്തിനിടെ 20,000 ലിറ്ററിന്റെ കുറവാണുണ്ടായിരിക്കുന്നത്. പാല്‍ സംഭരണത്തിലുണ്ടായ കുറവ് പ്രാഥമിക ക്ഷീരസംഘങ്ങളുടെ പ്രവര്‍ത്തനത്തെയും ബാധിച്ചിട്ടുണ്ട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."