തെരുവുനായകളുടെ വിളയാട്ടം; കീഴുപറമ്പില്‍ മൂന്ന് പേര്‍ക്ക് കടിയേറ്റു
അരീക്കോട്: കീഴുപറമ്പ് പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ് നായകളുടെ വിളയാട്ടം. നായകളുടെ പരാക്രമത്തില്‍ രണ്ട് പേര്‍ക്കും വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന എട്ടുവയസ് പ്രായമുള്ള കുട്ടിക്കും ഗുരുതരമായി പരുക്കേറ്റു. കുനിയില്‍ എടക്കണ്ടി പൊറ്റയില്‍ ഇരിക്കാലക്കല്‍ കാരക്കാടന്‍ മുഹമ്മദ് (52), മപ്രത്തൊടുവില്‍ എഴുകത്തുകാടന്‍ അബ്ദുല്‍ ഹമീദ് (58), താഴത്തയില്‍ നസീബയുടെ മകന്‍ ഹനാന്‍ (7) എന്നിവര്‍ക്കാണ് നായയുടെ കടിയേറ്റത്.
ഇന്നലെ രാവിലെ ആറിന് കുനിയില്‍ എടക്കണ്ടി പൊറ്റയില്‍ പള്ളിയില്‍നിന്നും പുറത്തിറങ്ങുമ്പോഴാണ് മുഹമ്മദിന് കടിയേറ്റത്. മുഖത്തും തലക്കുമാണ് മുഹമ്മദിന് പരുക്കേറ്റത്. വൈകിട്ട് അഞ്ചിനാണ് ഹമീദും ഹനാനും നായയുടെ പരാക്രമത്തിന് ഇരകളായത്. ഹമീദിന് പള്ളിയുടെ പരിസരത്ത് നിന്നും ഹനാന് വീട്ടുമുറ്റത്ത് നിന്നുമാണ് കടിയേറ്റത്. ഹമീദിന് ഇരുകൈകള്‍ക്കും ഇടത് കാലിന്റെ തുടയുടെ ഭാഗത്തുമാണ് പരുക്കേറ്റത്. ഹനാന് ചുണ്ടിനും പുറം ഭാഗത്തുമാണ് കടിയേറ്റത്. ഗുരുതരമായി പരുക്കേറ്റ മൂന്ന് പേരെയും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
കീഴുപറമ്പ് പഞ്ചായത്തില്‍ ഒരു മാസം മുന്‍പ് തന്നെ തെരുവ് നായകളുടെ ശല്യം രൂക്ഷമായിരുന്നു. നാല് ദിവസം മുന്‍പ് കുറ്റൂളിയില്‍ വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന ഒരു കുട്ടിക്കും സ്ത്രീക്കും ഒരു പശുവിനും നായയുടെ കടിയേറ്റിരുന്നു. ഈ നായയെ പിന്നീട് നാട്ടുകാര്‍ അടിച്ചുകൊന്നിരുന്നു. തെരുവ് നായ ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതര്‍ക്ക് പരാതി നല്‍കിയിട്ടും പരിഹാര നടപടികള്‍ ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഇന്ന് രാവിലെ പത്തിന് കീഴുപറമ്പ് പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റിന്റെ നേതൃത്വത്തില്‍ പ്രത്യേക യോഗം ചേരുമെന്ന് നാലാം വാര്‍ഡ് അംഗം ഷഹര്‍ബാന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."