എസ്.എസ്.എല്‍.സി മാര്‍ക്ക് ലിസ്റ്റ് നാളെ ഹാജരാക്കിയില്ലെങ്കില്‍ സി.ബി.എസ്.ഇക്കാരുടെ പ്ലസ് വണ്‍ പ്രവേശനം ത്രിശങ്കുവില്‍
കാസര്‍കോട്: പ്ലസ് വണിനു പ്രവേശനം ലഭിച്ചിട്ടും സീറ്റ് ഉറപ്പിക്കാന്‍ കഴിയാതെ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍. നാളെ പത്താംതരത്തിന്റെ ഒറിജിനല്‍ മാര്ക്ക്ലിസ്റ്റ് ലഭിച്ചില്ലെങ്കില്‍ അനുവദിച്ച പ്ലസ്വണ് സീറ്റ് തിരിച്ചെടുക്കുമെന്നാണു സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍മാര്‍ വിദ്യാര്‍ഥികളെ അറിയിച്ചത്.
എസ്.എസ്.എല്‍.സി മാര്ക്ക്ലിസ്റ്റ് എപ്പോള്‍ വരുമെന്ന കാര്യത്തില്‍ സി.ബി.എസ്.സി സ്കൂള്‍ അധികൃതര്‍ക്ക് യാതൊരു വിവരവുമില്ല. 30നുളളില്‍ മാര്ക്ക്ലിസ്റ്റ് കിട്ടിയില്ലെങ്കില്‍ ഉന്നതപഠനം വഴിമുട്ടുമെന്ന സ്ഥിതിയിലാണ് വിദ്യാര്‍ഥികള്‍. പ്രവേശനം ലഭിച്ച സി.ബി.എസ്.സി വിദ്യാര്‍ഥികളോട് സീറ്റ് താല്‍ക്കാലികം മാത്രമാണെന്നും മാര്ക്ക്ലിസ്റ്റ് യഥാസമയം ലഭിച്ചില്ലെങ്കില്‍ അപേക്ഷിച്ച കേരള സിലബസിലെ മറ്റ് വിദ്യാര്‍ഥികള്‍ക്ക് ഈ സീറ്റ് നല്‍കുമെന്നാണ് ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാര്‍ അറിയിച്ചിട്ടുള്ളത്.
ഫസ്റ്റ്അലോട്ട്മെന്റില് തന്നെ സി.ബി.എസ്.ഇ വിദ്യാര്‍ഥികള്‍ക്കും പ്രവേശനം ഉറപ്പാക്കാന്‍ 30നുള്ളില്‍ എസ്.എസ്.എല്‍.സി മാര്ക്ക്ലിസ്റ്റ് ഹാജരാക്കിയാല്‍ മതിയെന്നാണു ഹയര്‍സെക്കന്‍ഡറി ഡയറക്ടറേറ്റ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. എല്ലാ തവണയും സി.ബി.എസ്.സി മേഖലയില്‍ എസ്.എസ്.എല്‍.സി കഴിഞ്ഞ വിദ്യാര്‍ഥികള്‍ക്ക് ഈ പ്രശ്നം നേരിടേണ്ടിവരുന്നുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ കനിവ്കൊണ്ടു മാത്രമാണ് ഇവരുടെ പ്ലസ്ടു പഠനം സാധ്യമാകുന്നത്. കേരള സിലബസ് എസ്.എസ്.എല്‍.സി.യുടെ ഫലപ്രഖ്യാപനം കഴിഞ്ഞ് ഒരുമാസം പിന്നിട്ട ശേഷമാണ് സി.ബി.എസ്.സിയില്‍ ഫലം വന്നത്. അതുകൊണ്ടുതന്നെ മാര്ക്ക്ലിസ്റ്റ് ലഭിക്കുന്നതിനും കാലതാമസം വരുന്നു. ഇത്തരം സാഹചര്യം മുന്നില്‍ കണ്ട് പല സി.ബി.എസ്.സി സ്കൂളുകളില്‍ നിന്നും എട്ട്, ഒന്‍പത് ക്ലാസുകളില്‍ നിന്ന് തന്നെ രക്ഷിതാക്കള്‍ കേരള സിലബസിലേക്ക് കുട്ടികളുടെ പഠനം മാറ്റുന്നുണ്ട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉടന്‍ നടപടി ഉണ്ടാകണമെന്ന് കാണിച്ച് എം.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗവും മുന്‍ കാസര്‍കോട് ജില്ലാ സെക്രട്ടറിയുമായ സിദ്ദിഖ് ദണ്ഡഗോളി വിദ്യാഭ്യാസ മന്ത്രിക്ക് നിവേദനം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."