വൃത്തിഹീനമായി മഞ്ചേരി മെഡിക്കല്‍ കോളജ് പരിസരം: പകര്‍ച്ചവ്യാധികളെ ക്ഷണിച്ചുവരുത്തണോ..?
മഞ്ചേരി: നിപാ വൈറസ് പബാധയെ തടയാന്‍ ആരോഗ്യ വകുപ്പ് മുന്‍കരുതലുകളെടുക്കുകയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിക്കുകയും ചെയ്യുമ്പോഴും മെഡിക്കല്‍ കോളജ് പരിസരം ഇപ്പോഴും ഏതു പനികളെയും ക്ഷണിച്ചുവരുത്തുന്ന രീതിയില്‍ വൃത്തിഹീനം.
പനി ബാധിതരായി എത്തുന്നവര്‍ക്കു പ്രത്യേക വാര്‍ഡുകള്‍ സജ്ജമാക്കുന്നതിനും പനി ക്ലിനിക്ക് തുറക്കുന്നതിനുമുള്ള പ്രാഥമിക നടപടികളാണ് ഇപ്പോള്‍ നടക്കുന്നത്. കൈയുറകള്‍, മാസ്‌ക്കുകള്‍ എന്നിവ ഒരുക്കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇന്നലെ മുതല്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. എന്നാല്‍, അടിസ്ഥാന ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും കടലാസിലാണ്.
അത്യാഹിത വിഭാഗത്തിനു പിന്‍വശത്തു മാലിന്യം കെട്ടിനില്‍ക്കുകയും കൊതുകുകള്‍ മുട്ടയിട്ടു പെരുകുകയും ചെയ്യുകയാണ്. ഇവിടെ ഫലവത്തായ മാലിന്യ നിര്‍മാര്‍ജന നടപടികള്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല.
മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പഴയ ബ്ലോക്ക് കെട്ടിടത്തിലെ വിവിധ വാര്‍ഡുകളില്‍നിന്നുള്ള മലിനജലമാണ് ഇവിടത്തെ കുഴിയില്‍ പതിക്കുന്നത്. തുറസായ കുഴിയിലേക്കു പതിക്കുന്ന ഈ മലിനജലം കൊതുകുകളുടെ ആവാസ കേന്ദ്രമായി മാറിയിരിക്കുകയാണ്.
മാലിന്യങ്ങള്‍ കുമിഞ്ഞുകൂടിയതു കാരണം രാത്രിയും പകലും വാര്‍ഡുകളില്‍ കൊതുകു ശല്യവും രൂക്ഷമാണ്. നിപാ വൈറസിനെ ഭയന്ന് ആശുപത്രി ജീവനക്കാരും ഡോക്ടര്‍മാരും മാസ്‌ക്കും കൈയുറകളും ധരിച്ചെത്തുമ്പോള്‍ സാധാരണക്കാരായ രോഗികള്‍ക്കും അവരോടൊപ്പമുള്ളവര്‍ക്കും യാതൊരു മുന്‍കരുതലുകളും ഒരുക്കിയിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."