പോളിങ് ബൂത്തുകളില്‍ ഹരിതചട്ടം പാലിക്കണം: കലക്ടര്‍
ആലപ്പുഴ: ഹരിത നിയമാവലി പരിപൂര്‍ണമായി പാലിച്ചുള്ള നടപടിക്രമങ്ങളാണ് ചെങ്ങന്നൂര്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടത്തുന്നതെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ ടി.വി അനുപമ അറിയിച്ചു. ഇതിന് വിവിധ രാഷ്ട്രീയപാര്‍ട്ടികളുടെയും പൊതു ജനങ്ങളുടെയും സഹായസഹകരണങ്ങള്‍ ഉണ്ടാകണമെന്ന് കളക്ടര്‍ പറഞ്ഞു.
പോളിങ് ബൂത്തുകളില്‍ പരമാവധി പ്രകൃതി സൗഹൃദമായ സാധനസാമഗ്രികള്‍ ഉപയോഗിക്കുകയും ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളില്‍ ഉപയോഗിക്കുന്ന പ്രകൃതി സൗഹൃദമല്ലാത്ത പ്ലാസ്റ്റിക് പോലുള്ള സാധനസാമഗ്രികള്‍ അലക്ഷ്യമായി കൈകാര്യം ചെയ്യാതെ വേര്‍തിരിച്ച് വൃത്തിയായി സൂക്ഷിക്കുകയും വേണം. ഇത് ശരിയായി പരിപാലിക്കുന്നതിനുള്ള ക്രമീകരണങ്ങളാണ് ഈ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയിട്ടുള്ളത്.
ഉദ്യോഗസ്ഥര്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കണമെന്ന് അവര്‍ പറഞ്ഞു. പോളിങ് സ്റ്റേഷനുകളും പരിസരവും പരമാവധി വൃത്തിയായി സൂക്ഷിക്കുന്നതിന് എല്ലാവരും ശ്രമിക്കണം.
രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബൂത്തുകളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചാകണം രാഷ്ട്രീയപ്പാര്‍ട്ടികളുടെ ബൂത്തു നിര്‍മാണവും. പോളിങ് സ്റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ പ്ലാസ്റ്റിക് കൊടികളും തോരണങ്ങളും ഡിസ്‌പോസിബിള്‍ ഉത്പന്നങ്ങളും അനുവദനീയമല്ല. പോളിങ് ബൂത്തുകളുടെ 200 മീറ്റര്‍ പരിധിയില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നില്ലെന്ന് ഉറപ്പാക്കണം.
ഇവിടങ്ങളില്‍ ജൈവ-അജൈവ മാലിന്യങ്ങള്‍ വലിച്ചെറിഞ്ഞാല്‍ ഉത്തരവാദികള്‍ക്കെതിരെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതാണ്. ഉപയോഗശേഷം പേപ്പറുകള്‍ ചുരുട്ടി വലിച്ചെറിയാതെ വൃത്തിയായി അടുക്കി സൂക്ഷിച്ച് ശരിയായ രീതിയില്‍ പരിപാലിക്കാനും ശ്രദ്ധിക്കണം. ഭക്ഷണം കഴിക്കുന്നതിന് കഴുകി ഉപയോഗിക്കാവുന്ന പാത്രങ്ങളും ഗ്ലാസുകളും ഉപയോഗിക്കണം. ആവശ്യമായ ഭക്ഷണ സാധനങ്ങള്‍ പാഴ്‌സലുകളായി വാങ്ങാതെ പുനരുപയോഗിക്കാവുന്ന പാത്രങ്ങളില്‍ മാത്രം വാങ്ങുക. ഭക്ഷണാവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള ജൈവമാലിന്യങ്ങള്‍ വലിച്ചെറിയാതെ ശരിയായ രീതിയില്‍ സംസ്‌കരിക്കണം.
ഡിസ്‌പോസിബിള്‍ പ്ലേറ്റുകള്‍, ഗ്ലാസുകള്‍ എന്നിവയുടെ ഉപയോഗം ഒഴിവാക്കണം. കുടിവെള്ളത്തിനായി പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ഹരിതചട്ടത്തിന്റെ ഭാഗമായി നടപ്പാക്കുന്നത്. മാലിന്യങ്ങളുടെ അളവ് വലിയതോതില്‍ കുറയ്ക്കുന്നതിനുള്ള ക്രീയാത്മകമായ ഇടപെടലാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് കളക്ടര്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."