സഭാ പ്രശ്‌നം: പാത്രിയാര്‍ക്കിസ് ബാവ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി
തിരുവനന്തപുരം: നാലുദിവസത്തെ ഭാരതസന്ദര്‍ശനത്തിനെത്തിയ സുറിയാനി സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ ഇഗ്‌നാത്തിയോസ് അപ്രേം ദ്വിതീയന്‍ പാത്രിയാര്‍ക്കിസ് ബാവ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച്ച നടത്തി.
യോഗത്തില്‍, യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌ന പരിഹാരത്തിന് മുന്‍കൈയെടുത്തതില്‍ പാത്രിയാര്‍ക്കീസ് ബാവ സംതൃപ്തി പ്രകടിപ്പിച്ചു.
സഭാവിശ്വാസികളില്‍ ബഹുഭൂരിഭാഗവും തര്‍ക്കങ്ങള്‍ പരിഹരിച്ചു സമാധാനപരമായി മുന്നോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ട് സമാധാന ശ്രമങ്ങള്‍ പരിശുദ്ധ പാത്രിയാര്‍ക്കീസ് ബാവ തുടരണം. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
തര്‍ക്കങ്ങള്‍ക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്നും അതിനാല്‍ ചര്‍ച്ചകള്‍ ഫലം ചെയ്യില്ലെന്നും വാദിക്കുന്നവരുണ്ട്. എന്നാല്‍ അതിനോട് യോജിക്കുന്നില്ല. ചര്‍ച്ചകളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് ഉറച്ച വിശ്വാസമുണ്ട്. കാരണം വിശ്വാസികള്‍ക്ക് സമാധാനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കോടതിവിധികള്‍ ഉണ്ടെങ്കിലും സമാധാനത്തിനുള്ള ശ്രമം എല്ലാവരുടെയും ഹൃദയത്തില്‍ നിന്ന് വരേണ്ടതാണെന്ന് പാത്രിയാര്‍ക്കീസ് ബാവ പറഞ്ഞു. തര്‍ക്കം പരിഹരിക്കാന്‍ കഴിയുമെന്ന പ്രതീക്ഷ ഉള്ളതുകൊണ്ടാണ് ഡമാസ്‌കസില്‍ നിന്ന് ഇവിടെവരെ വന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ആഗ്രഹിക്കുന്നത് സമാധാനമാണെന്ന് ഞങ്ങള്‍ക്കറിയാം. അതുകൊണ്ട് സമാധാനത്തിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുമെന്ന് പാത്രിയാര്‍ക്കീസ് ബാവ ഉറപ്പുനല്‍കി.
മാര്‍ തിയോഫിലോസ് ജോര്‍ജ് സലിബ, മാര്‍ തിമോത്തിയോസ് മത്താ അല്‍ഹോറി തുടങ്ങിയവരും പാത്രിയാര്‍ക്കീസ് ബാവ യോടൊപ്പം ഉണ്ടായിരുന്നു. ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."