11 കുഴല്‍ക്കിണറുകള്‍ക്ക് ശാപമോക്ഷം
വണ്ടൂര്‍: പഞ്ചായത്ത് അധികൃതരും ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയും ഒന്നിച്ചിറങ്ങിയതോടെ പണിമുടക്കിയ കുഴല്‍ക്കിണറുകള്‍ക്ക് ശാപമോക്ഷമായി. ഇതോടെ കുടിവെള്ളക്ഷാമം നേരിടുന്ന നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസമായി. തിരുവാലി പഞ്ചായത്ത് ഭരണസമിതിയാണ് മാതൃകാപ്രവര്‍ത്തനത്തിന് തുടക്കമിട്ടത്.
നിരവധി കുഴല്‍ക്കിണറുകള്‍ തകരാറിലായ വിഷയം ഗ്രൗണ്ട് വാട്ടര്‍ അതോറിറ്റിയെ അറിയിച്ചതോടെ ജീവനക്കാര്‍ പഞ്ചായത്തിലെത്തി മുടങ്ങിക്കിടക്കുന്ന കിണറുകളുടെ കണക്കുകള്‍ ശേഖരിച്ചു. പഞ്ചായത്തിലെ 16 വാര്‍ഡുകളിലെ കാര്‍ങ്ങല്ലൂര്‍, തായങ്കോട്, നടുവത്ത് പൊട്ടാലുങ്ങല്‍, കോഴിപറമ്പ്, എളേടത്ത് കോളനി, കാരകുന്ന് കോളനി, ചീനിപ്പടി കോളനി എന്നിവിടങ്ങളിലായി മൊത്തം 12 കുഴല്‍ക്കിണറുകള്‍ പണിമുടക്കി കിടന്നിരുന്നു.
വര്‍ഷങ്ങളായി ഉപയോഗശൂന്യമായി കിടന്നതാണെങ്കിലും ഇതില്‍ പതിനൊന്നും നന്നാക്കിയെടുക്കാന്‍ കഴിഞ്ഞു.
പുതിയ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതിന് പകരം ഉള്ളത് നന്നാക്കിയെടുത്താല്‍ ഒരു പരിധി വരെ കുടിവെള്ളക്ഷാമം പരിഹരിക്കാമെന്നും തിരുവാലി പഞ്ചായത്തില്‍ പദ്ധതി ഏറെ വിജയം കണ്ടുവെന്നും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ പ്രവീല്‍കുമാര്‍ പറഞ്ഞു.
ഇതിനുപുറമെ ചൂരപൊയില്‍ എസ്.സി കുടിവെള്ള പദ്ധതി 21 ലക്ഷം, പന്തകളം എസ്.സി കുടിവെള്ള പദ്ധതി 14.25 ലക്ഷം, ചക്കുംകണ്ടി എസ്.സി കുടിവെള്ള പദ്ധതി 13 ലക്ഷം, പാമ്പാടികുന്ന് എസ്.സി കുടിവെള്ള പദ്ധതി 10.80 ലക്ഷം എന്നിങ്ങനെ കോര്‍പസ് ഫണ്ടുപയോഗിച്ച് 60 ലക്ഷത്തോളം രൂപ ചെലവിലുള്ള കുടിവെള്ള പദ്ധതികള്‍ കൂടി നടപ്പില്‍ വരുന്നതോടെ പഞ്ചായത്തിലെ കുടിവെള്ള പ്രശ്‌നത്തിന് ഏറെ ആശ്വാസമാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."