ഒന്നരക്കോടിയുടെ നിരോധിച്ച നോട്ടുകള്‍ നശിപ്പിച്ചതായി ധനകാര്യ സ്ഥാപന ഉടമ
അമ്പലപ്പുഴ: ഒന്നര കോടി രൂപയുടെ നിരോധിച്ച നോട്ടുകള്‍ നശിപ്പിച്ചതായി അറസ്റ്റിലായ ധനകാര്യ സ്ഥാപന ഉടമയുടെ മൊഴി. അമ്പലപ്പുഴ ജംഗ്ഷന് സമീപം തെക്കേ മഠം ഫൈനാന്‍സ് എന്ന ചിട്ടിക്കമ്പനി നടത്തിയിരുന്ന ആമയിട തെക്കെ മഠത്തില്‍ മോഹന പണിക്കര്‍ (55) അമ്പലപ്പുഴ പൊലിസിന് നല്കിയ മൊഴിയിലാണ് ഈ ഞെട്ടിയ്ക്കുന്ന വിവരം.
നോട്ടു നിരോധനത്തോടെ പുതിയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ കഴിയാതെ വന്നതോടെയാണ് ഇത് നശിപ്പിക്കേണ്ടി വന്നതെന്നാണ് ഇയാളുടെ മൊഴി.
ധനകാര്യ സ്ഥാപനം നടത്തി വന്ന മോഹന പണിക്കര്‍ നിക്ഷേപകരുടെ 3.5 കോടി രൂപയുമായി മുങ്ങുകയും തുടര്‍ന്ന് നിക്ഷേപകര്‍ പൊലിസില്‍ പരാതി നല്‍കുകയുമായിരുന്നു. ഒളിവില്‍ കഴിയുന്നുവെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം പുനലൂരില്‍ നിന്നും പൊലിസ് മോഹന പണിക്കരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
3.5 കോടിയോളം രൂപ നിക്ഷേപമായി ഇവിടെ സ്വീകരിച്ചിരുന്നു.പെട്ടെന്ന് നോട്ട് നിരോധനം വന്നതോടെ വരുമാനത്തിന്റെ ഉറവിടം വെളിപ്പെടുത്താനാകാതെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാനായില്ലെന്ന് ഇയാള്‍ പൊലിസിനു നല്കിയ മൊഴിയില്‍ പറയുന്നു.
പഴയ നോട്ടുകള്‍ സൂക്ഷിച്ചതിന്റെ പേരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ പലര്‍ക്കുമെതിരേ നടപടി വന്നതോടെയാണ് നോട്ടുകള്‍ നശിപ്പിക്കാന്‍ തീരുമാനിച്ചത്. അമ്പലപ്പുഴ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."