മൗനം വാചാലമായപ്പോള്‍ ജോസഫിനും രാജി മോള്‍ക്കും മാംഗല്യം
തൊടുപുഴ: മൗനം വാചാലമായപ്പോള്‍ ജോസഫിനും രാജിമോള്‍ക്കും മാംഗല്യം. വഴിത്തല പള്ളത്ത് പി.ജെ ജോസഫിന്റെ മകന്‍ ജോസഫും റാന്നി കടമ്മനിട്ട പൂതക്കല്ലില്‍ രാജുവിന്റെ മകള്‍ രാജി മോളുമാണ് നിശബ്ദതയുടെ ലോകത്ത് ഇണപ്രാവുകളായത്.
തൊടുപുഴയില്‍ ഗ്രാഫിക് ഡിസൈനറായ ജോസഫ് അടൂര്‍ സിഎസ്‌ഐ ബധിര വിദ്യാലയത്തില്‍ പഠിക്കുമ്പോഴാണ് രാജി മോളെ പരിചയപ്പെടുന്നത്. സ്‌കൂളിലെ കൂട്ടായ്മകളിലും മറ്റും ഇരുവര്‍ക്കിടയിലും ഉടലെടുത്ത ബന്ധമാണ് ഇവരെ കൂടുതല്‍ അടുപ്പിച്ചത്. മൗനത്തിലൂടെ പരസ്പരം ആശയ വിനിമയം നടത്തിയപ്പോള്‍ ഇവരുവര്‍ക്കും മനസു കൊണ്ട് ഒന്നാകണമെന്ന ആഗ്രഹം ഉടലെടുത്തു. ആഗ്രഹം വീട്ടിലറിയിച്ചപ്പോള്‍ ഇരു വീട്ടുകാര്‍ക്കും വിവാഹക്കാര്യത്തില്‍ പൂര്‍ണ സമ്മതം. ഒടുവില്‍ മാറിക സെന്റ് ജോസഫ് പള്ളിയില്‍ ഇന്നലെ നടന്ന ചടങ്ങില്‍ മിന്നു കെട്ടി ജോസഫ് രാജിമോളെ ജീവിത സഖിയാക്കി. ഫാ. ജോസഫ് കുളക്കാട്ട് സിഎംഐ, ഫാ. ബിജു എന്നിവര്‍ വിവാഹം ആശീര്‍വദിച്ചു. വിവാഹ ചടങ്ങില്‍ ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേര്‍ പങ്കെടുത്തു. ജോസഫിന് ജന്മനാ തന്നെ കേള്‍വി ശക്തിയില്ലായിരുന്നു. രാജിമോള്‍ക്ക് ഇയര്‍ ഫോണ്‍ സഹായത്തോടെ ചെറിയ തോതില്‍ കേള്‍ക്കാനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."