തൂത്തുക്കുടിക്ക് പിന്നില്‍ കോര്‍പ്പറേറ്റ് താല്‍പര്യമോ?
ബഹുരാഷ്ട്ര കുത്തക കമ്പനി വേദാന്തയുടെ ഉപകമ്പനിയായ തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണശാല അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കലക്ടറേറ്റ് മാര്‍ച്ച് നടത്തിയ പ്രദേശവാസികള്‍ക്ക് നേരെ നടന്ന പൊലിസ് വെടിവയ്പ് പ്രകോപനങ്ങളെത്തുടര്‍ന്നാണെന്ന് പറയാന്‍ പറ്റുകയില്ല.
പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന ഒരാള്‍ കൂടി ഇന്നലെ മരണപ്പെട്ടതോടെ പതിമൂന്ന് പേരാണ് പൊലിസിന്റെ നിഷ്ഠൂരമായ വെടിവയ്പിനെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്.
ഇത്രയും പേരെ വെടിവച്ച് കൊല്ലാന്‍ മാത്രം എന്ത് പ്രകോപനമാണ് പ്രക്ഷോഭകരില്‍ നിന്നുണ്ടായത്? ഒരു സമരജാഥയില്‍ സാധാരണ ഗതിയില്‍ ഉണ്ടാകാവുന്ന അനിഷ്ട സംഭവങ്ങളെ വെടിയുണ്ടകള്‍ കൊണ്ട് നേരിടുന്നത് കേട്ടുകേള്‍വി പോലും ഇല്ലാത്തതാണ്.
വെടിവച്ചില്ലായിരുന്നുവെങ്കില്‍ പ്രക്ഷോഭകര്‍ കലക്ടറേറ്റ് കത്തിക്കുമായിരുന്നുവെന്ന പൊലിസ് ഭാഷ്യം അസംബന്ധമാണ്. ഒരാളെയെങ്കിലും വെടിവച്ച് കൊല്ലണമെന്ന് പൊലിസുകാരന്‍ ആക്രോശിക്കണമെങ്കില്‍ നേരത്തേ പദ്ധതി തയ്യാറാക്കി നിരാലംബരായ ജനതയെ കൊല്ലാനായി വന്നതാണ് പൊലിസ് എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. ജാലിയന്‍വാലാബാഗിനെ അനുസ്മരിപ്പിക്കുന്ന കൂട്ടക്കൊലയാണ് തൂത്തുക്കുടിയില്‍ നടന്നതെന്ന പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്റെ പ്രസ്താവന അതിശയോക്തിയില്ല. പ്രക്ഷോഭകരെ പിന്തിരിപ്പിക്കാനായിരുന്നു പൊലിസിന്റെ ഉദ്ദേശ്യമെങ്കില്‍ അതിന് എത്രയോ മാര്‍ഗങ്ങളുണ്ട്. ലാത്തിച്ചാര്‍ജിലും പിരിഞ്ഞു പോകുന്നില്ലെങ്കില്‍ ടിയര്‍ ഗ്യാസ് പ്രയോഗിക്കാം. അതും പരാജയപ്പെട്ടാല്‍ ജലപീരങ്കി ഉപയോഗിക്കാം. ഇതൊന്നും തൂത്തുക്കുടിയില്‍ പൊലിസ് ചെയ്തില്ല. വെടിവയ്ക്കുന്നതിന് മുമ്പ് മുന്നറിയിപ്പുകളോ ആകാശത്തേക്കുള്ള നിറയൊഴിക്കലോ ഉണ്ടായില്ല. ഇതില്‍ നിന്നെല്ലാം മനസ്സിലാവുന്നത് ജനകീയസമരത്തെ ചോരയില്‍ മുക്കി കൊല്ലുവാന്‍ വേദാന്ത ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ ദാസ്യവേല നടത്തുകയായിരുന്നു പൊലിസ് എന്നാണ്. പൊലിസ് വാനിനു മുകളിലേക്ക് വലിഞ്ഞ് കയറി അവിടെ കമിഴ്ന്ന് കിടന്നും എഴുന്നേറ്റ് നിന്നും ജനക്കൂട്ടത്തിന് നേരെ ഉന്നംവയ്ക്കുന്ന പൊലിസ് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. ശത്രു രാജ്യത്ത് നിന്നും നുഴഞ്ഞ് കയറുന്നവരെ വെടിവയ്ക്കുന്ന പട്ടാളക്കാരന്റെ ജാഗ്രതയോടെയാണ് നിരാലംബരായ ജനങ്ങള്‍ക്ക് നേരെ വാനിനു മുകളില്‍ നിന്ന് വെടിവച്ചത്.
പൊലിസ് യൂനിഫോം ധരിക്കാതെ ടി ഷര്‍ട്ടിന് പുറകില്‍ കമാന്‍ഡോ എന്ന് എഴുതിപ്പിടിപ്പിച്ച ആള്‍ പൊലിസ് തന്നെയാണോ എന്നു പോലും സംശയിച്ചുപോകുന്നു. ആരുടെ ഉത്തരവനുസരിച്ചാണ് തൂത്തുക്കുടിയില്‍ ഈ വിധം പൊലിസ് പെരുമാറിയതെന്ന് പൊതുസമൂഹത്തിന് അറിയേണ്ടതുണ്ട്.
രാജ്യത്തെ മുഴുക്കെ കുത്തകകള്‍ക്ക് തീറെഴുതിക്കൊടുത്ത ഒരു സര്‍ക്കാരാണ് ഇന്ന് ഇന്ത്യ ഭരിക്കുന്നത്. കുത്തകകളുടെ താല്‍പര്യത്തിനുമപ്പുറം ഒന്നും പരിഗണനാര്‍ഹ വിഷയമല്ല സര്‍ക്കാരിന് മുന്നില്‍. വെടിവച്ചിട്ടായാലും ബോംബെറിഞ്ഞായാലും തദ്ദേശ വാസികളെ കൊന്നൊടുക്കി കുത്തകകള്‍ക്ക് വ്യവസായ സാമ്രാജ്യങ്ങള്‍ പണിയുവാനുള്ള അവസരം ഉണ്ടാക്കും വിധമാണ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍.
അന്താരാഷ്ട്ര കുത്തക കമ്പനിയായ വേദാന്തയുടെ ചരിത്രം കുപ്രസിദ്ധമാണ്. ലോകത്താകമാനം നീരാളി കൈകള്‍ പോലെ ഈ അന്താരാഷ്ട്ര ഭീമന്‍ പടര്‍ന്ന് കിടക്കുന്നു. ഇംഗ്ലണ്ടാണ് കമ്പനിയുടെ ആസ്ഥാനം. മഹാരാഷ്ട്രയിലെ ഗച്ചോളിയില്‍ കല്യാണ വിരുന്ന് നടക്കുകയായിരുന്ന വീട്ടിലെ സദ്യയില്‍ വിഷം കലര്‍ത്തി കല്യാണം കൂടിയവരെ മുഴുവന്‍ കൊന്നൊടുക്കിയെന്ന ആരോപണം വേദാന്തക്ക്‌മേല്‍ ഉണ്ട്. വേദാന്ത കമ്പനിക്കെതിരേ ഗച്ചോളിയില്‍ മാവോവാദികള്‍ സമരം ചെയ്യുന്നുവെന്ന ആരോപണത്തെ തുടര്‍ന്നാണ് അവരുടെ കല്യാണസദ്യയില്‍ വിഷം കലര്‍ത്തിയത്. സ്വന്തം താല്‍പര്യം സംരക്ഷിക്കുവാന്‍ കോര്‍പ്പറേറ്റുകള്‍ ഏതറ്റംവരെ പോകുവാനും തയ്യാറാകുമെന്ന് വേദാന്ത പോലുള്ള അന്താരാഷ്ട്ര കുത്തക വ്യവസായ ഭീമന്മാരുടെ പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കുന്നു. സര്‍ക്കാരുകളെയും ഉദ്യോഗസ്ഥരെയും രാഷ്ട്രീയ നേതൃത്വങ്ങളെയും അവര്‍ വിലക്കെടുക്കും. തൂത്തുക്കുടിയില്‍ ഹരിതട്രൈബ്യൂണലും മലിനീകരണ ബോര്‍ഡും എന്തടിസ്ഥാനത്തിലാണ് സ്‌റ്റെര്‍ലൈറ്റ് ചെമ്പ് ശുദ്ധീകരണശാലക്ക് പ്രവര്‍ത്തനാനുമതി നല്‍കിയത്?
സ്റ്റെര്‍ലൈറ്റ് പ്ലാന്റില്‍ നിന്നുള്ള ലോഹം കലര്‍ന്ന മലിനജലം കര്‍ഷകരുടെ കൃഷിഭൂമിയിലേക്കാണ് തള്ളുന്നത്. കൃഷിയും ശുദ്ധജല സ്രോതസ്സുകളും ഇവിടെ നശിച്ചിരിക്കുന്നു.
വിഷപ്പുക ശ്വസിക്കുന്നത് കാരണം പ്രദേശത്ത് കാന്‍സര്‍ പടരുകയാണ്. ഇതിനെതിരെ ജനങ്ങള്‍ വര്‍ഷങ്ങളായി പരാതി നല്‍കുന്നു. കമ്പനി ഭാഗത്ത് നിന്നോ സര്‍ക്കാര്‍ ഭാഗത്ത് നിന്നോ യാതൊരു അനക്കവും ഉണ്ടായില്ല. ഇതിനിടെയാണ് കമ്പനി മറ്റൊരു പ്ലാന്റും കൂടി നിര്‍മിക്കുവാനുള്ള പ്രവര്‍ത്തനം തുടങ്ങിയത്. സഹികെട്ട ജനങ്ങള്‍ കഴിഞ്ഞ നൂറ് ദിവസമായി കമ്പനി പൂട്ടണമെന്നാവശ്യപ്പെട്ടുകൊണ്ട് പ്രത്യക്ഷ സമരത്തിലാണ്. നൂറ് തികയുന്ന ദിവസമാണ് കലക്ടറേറ്റിലേക്ക് ജനങ്ങള്‍ നിവേദനം നല്‍കാനായി പ്രകടനമായി നീങ്ങിയത്. ഇവര്‍ക്ക് നേരെയാണ് വെടിവച്ചത്. ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തെയാണ് അതിക്രൂരമായ വെടിവയ്പിലൂടെ നിഷേധിച്ചിരിക്കുന്നത്. ചൊവ്വാഴ്ചത്തെ വെടിവയ്പിനെത്തുടര്‍ന്നും ബുധനാഴ്ചയും പൊലിസ് വെടിവച്ചതില്‍ നിന്നും ഒരു കാര്യം വ്യക്തമാണ്. സമരത്തെ ചോരയില്‍ മുക്കി കൊല്ലുവാന്‍ ഉന്നതങ്ങളില്‍ നടന്ന ഗൂഢാലോചന തന്നെയാണ് ഈ കൂട്ടക്കൊലയുടെ അടിസ്ഥാനം. മോദി സര്‍ക്കാരിന്റെ കോര്‍പ്പറേറ്റ് പ്രീണനം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിനില്‍ക്കുന്നുവെന്ന് തെളിയിക്കുന്നതാണ് തൂത്തുക്കുടിയിലെ വെടിവയ്പ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."