പരിമിതികള്‍ക്ക് നടുവില്‍ വൈദ്യുതി ശ്മശാനം
സ്വന്തം ലേഖകന്‍
കോഴിക്കോട്: നിപാ വൈറസ് ബാധയോടൊപ്പം തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച മാവൂര്‍ റോഡിലെ വൈദ്യുതി ശ്മശാനം നേരിടുന്നതു വലിയ പ്രതിസന്ധി. ചെന്നൈയിലെ എം.എച്ച്.ടി കമ്പനിയില്‍ നിന്നുള്ള ജീവനക്കാര്‍ ബ്ലോവര്‍ തകരാറിലായ പ്രശ്‌നം പരിഹരിച്ചെങ്കിലും ഇതു താല്‍ക്കാലികമാണെന്നാണ് ലഭിക്കുന്ന സൂചന. പ്രശ്‌നം ശാശ്വതമായി പരിഹരിക്കാന്‍ കഴിയാത്തതിനാല്‍ വിദഗ്ധ സംഘം നാളെ എത്തുമെന്നും സൂചനയുണ്ട്.
ബംഗളൂരുവിലെ ഷണ്‍മുഖ എന്‍ജിനീയറിങ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ഇവിടേക്കുള്ള യന്ത്രസാമഗ്രികള്‍ വാങ്ങിയിരിക്കുന്നത്. അറ്റകുറ്റപ്പണികള്‍ വരുമ്പോള്‍ കമ്പനി അധികൃതര്‍ കൃത്യമായി ഇടപെടുകയും ചെയ്തിരുന്നു. എന്നാല്‍ പുതിയ ടെന്‍ഡര്‍ നടപടികള്‍ പ്രകാരം പുതിയ കരാര്‍ ഏറ്റെടുത്ത എം.എച്ച്.ടി കമ്പനി അറ്റകുറ്റപ്പണികള്‍ വരുമ്പോള്‍ ഉദാസീന നിലപാട് സ്വീകരിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്. സാങ്കേതിക പരിജ്ഞാനമില്ലാത്തവരാണു പ്രശ്‌നം പരിഹരിക്കാന്‍ വരുന്നതെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.
ബ്ലോവര്‍ തകരാറിലായതിനാല്‍ നിപാ വൈറസ് ബാധച്ച് മരിച്ച രാജന്റെ മൃതദേഹം അഞ്ചു മണിക്കൂറിലേറെ സമയമെടുത്താണ് സംസ്‌കരിച്ചിരുന്നത്. പിന്നീട് ഇവിടെയെത്തിച്ച അശോകന്റെ മൃതദേഹം സ്വകാര്യ ഏജന്‍സിയെ ഉപയോഗിച്ച് സംസ്‌കരിക്കുകയായിരുന്നു. ടൈമര്‍ സംവിധാനം തകരാറിലായ സമയത്തും ബര്‍ണറിലെ കോയിലിനു തകരാര്‍ സംഭവിക്കുമ്പോഴും മുഴുവന്‍ സമയത്തും യന്ത്രം പ്രവര്‍ത്തിപ്പിക്കേണ്ടി വരുന്ന സാഹചര്യമാണ് മിക്കപ്പോഴുമുള്ളത്. അതുകൊണ്ട് തന്നെ മിക്ക മാസങ്ങളിലും 50,000 രൂപക്കു മുകളിലാണ് വൈദ്യുതി ബില്ല് വരുന്നത്.
ഒരു മൃതദേഹം സംസ്‌കരിക്കുന്നതിനു 500 രൂപയാണ് ഇവിടെ ഈടാക്കുന്നത്. അഞ്ചു ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുകയും വേണം. ആധുനിക യന്ത്രങ്ങള്‍ ഉള്‍പ്പെടെ സ്ഥാപിച്ച് ഭീമമായ നഷ്ടത്തിലേക്കു നീങ്ങുന്ന ഈ സ്ഥാപനത്തെ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം വലുതാണെന്ന് ആരോഗ്യ രംഗത്തെ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."