മാനന്തവാടി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും ഒന്‍പത് വീടുകള്‍ ഭാഗികമായും തകര്‍ന്നു
മാനന്തവാടി: മാനന്തവാടി താലൂക്കില്‍ ഒരു വീട് പൂര്‍ണമായും ഒന്‍പത് വീടുകള്‍ ഭാഗികമായും തകര്‍ന്നു. പേര്യ വില്ലേജില്‍ ഉള്‍പ്പെട്ട ഇരുമനത്തൂരിലാണ് വീട് പൂര്‍ണമായും തകര്‍ന്നത്. വിവിധ വില്ലേജുകളിലായാ ഒന്‍പത് വീടുകള്‍ ഭാഗികമായി കേടുപാടുകള്‍ സംഭവിച്ചു. തൊണ്ടര്‍നാട് മരം വീണ് കിണര്‍ തകര്‍ന്നു. മാനന്തവാടി ബസ് സ്റ്റാന്‍ഡില്‍ മണ്ണിടിഞ്ഞ് വീണ് ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിന് തടസമായി. ഒഴക്കോടി തവിഞ്ഞാല്‍ റോഡില്‍ പൊതുമരാമത്ത് റോഡിന്റെ മതില് തകര്‍ന്നത് പാലയക്കാപറമ്പില് ബിജുവിന്റെ വീടിന് ഭീഷിണിയായി. ഇതോടൊപ്പം റോഡും അപകട ഭീഷിണിയിലായിരിക്കുകയാണ്. മാനന്തവാടി വില്ലേജ് ഓഫിസര്‍ സുജിത്ത് സ്ഥലം സന്ദര്‍ശിച്ച് നാശനഷ്ടം വിലയിരുത്തി. മാനന്തവാടി വള്ളിയൂര്‍ക്കാവ് റോഡില്‍ നിരവധി സ്ഥലങ്ങളില്‍ മണ്ണിടിഞ്ഞ് ഓവുചാലുകളില്‍ വീണ് പല ഭാഗത്തും വെളളമൊഴുക്ക് തടസ്സപ്പെട്ടു. ഒഴക്കോടി ചെറുപുഴ പാലം വെള്ളപൊക്ക ഭീഷിണിയിലാണ്. കനത്ത മഴ തുടര്‍ന്നാല്‍ വ്യാഴാഴ്ച പാലത്തിലൂടെയുള്ള ഗതാഗതം തടസപ്പെടും. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളപൊക്ക ഭീഷിണിയിലാണെങ്കിലും ആരേയും മാറ്റി പാര്‍പ്പിച്ചിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."