മൂവായിരത്തോളം അധ്യാപകര്‍ക്ക് ഈ മാസത്തെ ശമ്പളം മുടങ്ങും
തിരുവനന്തപുരം: സംസ്ഥാനത്ത് മൂവായിരത്തോളം അധ്യാപകര്‍ക്ക് ഈ മാസത്തെ ശമ്പളം മുടങ്ങും. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് സംരക്ഷിത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ അധ്യാപകര്‍ക്കാണു ശമ്പളം മുടങ്ങുന്നത്. പല ജില്ലകളിലും വിദ്യാഭ്യാസ ഓഫിസുകളില്‍ ഇവരുടെ ശമ്പള ബില്ലുകള്‍ തടഞ്ഞുവച്ചിരിക്കുകയാണ്. എറണാകുളത്ത് രണ്ടു മാസമായി ശമ്പളം മുടങ്ങിയ അധ്യാപകരുണ്ട്. തിരുവനന്തപുരത്ത് 550 പേരാണ് ഇത്തരത്തില്‍ പട്ടികയിലുള്ളത്. കൊല്ലം, കോഴിക്കോട്, ആലപ്പുഴ, മലപ്പുറം, പാലക്കാട് എന്നിവിടങ്ങളില്‍ നുറോളം പേര് ലിസ്റ്റിലുണ്ട്. തസ്തിക പുനര്‍നിര്‍ണയത്തിന്റെ ഭാഗമായി അധികം വന്ന അധ്യാപകരെ സംരക്ഷിക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. എന്നാല്‍ ഇവര്‍ക്ക് ശമ്പളം നല്‍കുന്നത് സംബന്ധിച്ച് ഇതുവരെ ഉത്തരവിറങ്ങിയിട്ടില്ല.
മെയ് മാസം തന്നെ വിവിധ ജില്ലകളിലായി രണ്ടായിരത്തോളം അധ്യാപകര്‍ക്ക് ശമ്പളം ലഭിച്ചിരുന്നില്ല. പുനര്‍വിന്യാസത്തിന് ശേഷം ശമ്പള നടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് ധനവകുപ്പിന്റെ ഇപ്പോഴത്തെ നിലപാട്. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളാണ് ശമ്പളം മുടങ്ങാന്‍ കാരണമെന്ന് അധ്യാപക യൂനിയന്‍ നേതാക്കള്‍ ആരോപിച്ചു. അടുത്ത മാസം 12ന് പ്രതിപക്ഷ അധ്യാപക യൂനിയനുകള്‍ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."