കാഞ്ഞങ്ങാട്ട് വ്യവസായ പ്ലോട്ടുകള്‍ എത്രയും വേഗം കൈമാറും: മന്ത്രി മൊയ്തീന്‍
കാസര്‍കോട്: കാഞ്ഞങ്ങാട് റവന്യു വകുപ്പ് കൈമാറിയ 130 ഏക്കര്‍ സ്ഥലത്ത് വ്യവസായ പ്ലോട്ടുകള്‍ സംരംഭകര്‍ക്കു കൈമാറാന്‍ വേഗത്തില്‍ നടപടികള്‍ സ്വീകരിക്കുമെന്ന് വ്യവസായ വകുപ്പു മന്ത്രി എ.സി മൊയ്തീന്‍. കോര്‍പറേറ്റുകളുടെ താല്‍പര്യങ്ങള്‍ക്കു വഴങ്ങാത്ത ബദല്‍ വ്യവസായ നയം മുന്നോട്ടുവയ്ക്കുകയാണു സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടും ജില്ലയുടെ 34ാം പിറവിദിനത്തോടുമനുബന്ധിച്ച് കലക്ടറേറ്റില്‍ സംഘടിപ്പിച്ച ജില്ലാ വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മറ്റു ജില്ലകളെ അപേക്ഷിച്ച് വേണ്ടത്ര വികസന ലക്ഷ്യം കൈവരിക്കാന്‍, കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടെ ജില്ലയ്ക്കു കഴിഞ്ഞിട്ടില്ല. ആവശ്യത്തിലേറെ സ്ഥലലഭ്യതയും മനുഷ്യവിഭവമുള്ള ജില്ലയ്ക്ക് ഇനിയും മുന്നോട്ടുപോകാനുണ്ട്. അതിനുള്ള മാര്‍ഗനിര്‍ദേശം ഈ സെമിനാറിലൂടെ ഉരുത്തിരിയണമെന്നും മന്ത്രി പറഞ്ഞു. പ്രദേശങ്ങളെ തമ്മില്‍ ബന്ധിച്ചുകൊണ്ട് കൂടുതല്‍ റോഡുകളും പാലങ്ങളും നിര്‍മിച്ച് വ്യവസായത്തിനുള്ള അടിസ്ഥാന സൗകര്യം ഒരുക്കുകയാണ്. ദേശീയപാത, സംസ്ഥാന പാത, മലയോര പാത, തീരദേശ പാത എന്നിവയ്ക്കു പുറമേ ജലപാതയും പ്രയോജനപ്പെടുത്തുകയാണ്. ഇവയുടെയൊക്കെ നിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്നും 50000 കോടി രൂപ വിനിയോഗിക്കും.
സംഘര്‍ഷരഹിതവും ആയാസരഹിതവുമായ മെച്ചപ്പെട്ട വ്യവസായാന്തരീക്ഷം സൃഷ്ടിക്കുന്നതിന് ഏഴോളം നിയമങ്ങളിലും പത്തോളം ചട്ടങ്ങളിലും മാറ്റം വരുത്തിക്കഴിഞ്ഞു. മുപ്പത് ദിവസത്തിനകം വ്യവസായം തുടങ്ങാന്‍ കഴിയും വിധമാണ് പുതിയ നിയമമായ കേരള വ്യവസായ പ്രോത്സാഹനവും സൗകര്യമൊരുക്കലും നിയമം 2017 വിഭാവന ചെയ്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഗാര്‍ഹികാടിസ്ഥാനത്തില്‍ സൂക്ഷ്മ സംരംഭകത്വം ആരംഭിച്ച് ഒരു വ്യവസായ സംസ്‌കാരം കേരളത്തില്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
അടുത്ത മൂന്നു വര്‍ഷത്തിനകം ജില്ലയില്‍ ഇതിനകം പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുമെന്നും പുതിയ പദ്ധതികളുടെ പ്രഖ്യാപനം ഉണ്ടാകുമെന്നും സെമിനാറില്‍ അധ്യക്ഷത വഹിച്ച റവന്യു, ഭവന നിര്‍മാണ മന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു.
പി. കരുണാകരന്‍ എം.പി, എം. രാജഗോപാലന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 'കാസര്‍കോടന്‍ പ്രവാസി സമൂഹവും വികസന സാധ്യതയും' എന്ന വിഷയം നോര്‍ക്ക മുന്‍ സി.ഇ.ഒ കെ.ടി ബാലഭാസ്‌കര്‍, 'ഭക്ഷ്യ സംസ്‌കരണ മേഖലയിലെ വ്യവസായ സാധ്യതകള്‍' കേരള ദിനേശ് ബീഡി ചെയര്‍മാന്‍ സി. രാജന്‍, 'ടൂറിസം വികസന സാധ്യതകള്‍' ബി.ആര്‍.ഡി.സി എം.ഡി ടി.കെ മന്‍സൂറും 'ഉന്നത വിദ്യാഭ്യാസ മേഖല: ജില്ലയുടെ സാധ്യതകള്‍, പരിമിതികള്‍' കേരള കേന്ദ്ര സര്‍വകലാശാ വൈസ് ചാന്‍സലര്‍ ജി.ഗോപകുമാറും അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ കെ. ജീവന്‍ബാബു സ്വാഗതവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ഇ.വി സുഗതന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."