ചെറുവത്തൂര്‍ചിറ നാടിന് സമര്‍പ്പിച്ചു
കൊടകര: കൃഷി ഒരു ജോലിയല്ല, അതൊരു സാമൂഹിക ഉത്തരവാദിത്വമാണെന്നും പൗരധര്‍മമായി ജനങ്ങള്‍ ജല സംരക്ഷണം ഏറ്റെടുക്കണമെന്നും കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍. കൊടകരയില്‍ നബാര്‍ഡിന്റെ ധനസഹായത്തോടെ ഒന്നേകാല്‍ കോടി രൂപ ചെലവില്‍ നവീകരിച്ച ചെറുവത്തൂര്‍ ചിറയുടെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
കൃഷി ചെയ്യുന്നവനെ സംരക്ഷിക്കുമെന്നതാണ് ഈ സര്‍ക്കാരിന്റെ നയം. കൃഷിനാശം സംഭവിച്ചവര്‍ക്ക് സര്‍ക്കാരിന്റെ പിന്തുണ ഉറപ്പാക്കുന്നതാണ് നഷ്ടപരിഹാരം പതിന്മടങ്ങ് വര്‍ധിപ്പിച്ച നടപടിയെന്നും മന്ത്രി പറഞ്ഞു. മനുഷ്യന് ഏറ്റവും ആവശ്യമായ ജലത്തിന്റെ സംരക്ഷണം ഭരണാധികാരികളുടെ വലിയ ഉത്തരവാദിത്വമാണ്. എന്നാല്‍ വെള്ളത്തിന്റെ സംരക്ഷണം കേവലം സര്‍ക്കാരിന്റെ മാത്രം ഉത്തരവാദിത്വമല്ല. ജലസംരക്ഷണ പദ്ധതികള്‍ സര്‍ക്കാര്‍ തയാറാക്കും. അത് ജനങ്ങള്‍ ഏറ്റെടുക്കണം. സ്വകാര്യകുളങ്ങളും തൊഴിലുറപ്പ് പദ്ധതിയില്‍പ്പെടുത്തി നവീകരിക്കാന്‍ ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. ദേവസി എം.എല്‍.എ അധ്യക്ഷയായി. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അമ്പിളി സോമന്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ആര്.പ്രസാദന്‍,കെ.എസ്.സുധ, വിലാസിനി ശശി, ജോയ് നെല്ലിശേരി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."