സഊദിയില്‍ നിന്ന് എക്സിറ്റില്‍ പോയാലും ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാകില്ലെന്ന് ഗതാഗത മന്ത്രാലയം
ജിദ്ദ: സഊദിയില്‍ നിന്ന് ഫൈനല്‍ എക്സിറ്റില്‍ രാജ്യം വിട്ടുപോകുന്ന ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള വിദേശികള്‍ക്ക് ഇനി പുതിയ വിസയില്‍ തിരിച്ചെത്തിയാല്‍ പഴയ ലൈസന്‍സിന്റെ പകര്‍പ്പ് ഹാജരാക്കിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കും.
രാജ്യം വിടുന്ന അവസരത്തില്‍ സാധുതയുള്ള ഡ്രൈവിംഗ് ലൈസന്‍സിന്റെ ഫോട്ടോസ്റ്റാറ്റുമായി ഏതെങ്കിലുമൊരു ഡ്രൈവിംഗ് സ്കൂളിനെ സമീപിച്ചാല്‍ പുതിയ ഇഖാമ നമ്പറില്‍ പഴയ ഡ്രൈവിംഗ് ലൈസന്‍സ് ഇഷ്യൂ ചെയ്യുമെന്ന് ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാഫിക് ട്വിറ്ററില്‍ അറിയിച്ചു.
പഴയ ഡ്രൈവിംഗ് ലൈസന്‍സ് സ്പോണ്സര് നശിപ്പിക്കുകയോ നഷ്ടപ്പെടുകയോ ചെയ്താല്‍ വീണ്ടും ഡ്രൈവിംഗ് ലൈസന്‍സ് എടുക്കേണ്ട കടമ്പ ഒഴിവാകുമെന്നത് ഡ്രൈവര്‍മാര്‍ക്ക് നല്കുന്ന ആശ്വാസം ചില്ലറയല്ല. എന്നാല്‍, പഴയ ലൈസന്‍സിന്റെ കാലാവധി തീര്‍ന്നതാണെങ്കില്‍ ഡ്രൈവര്‍മാര്‍ മെഡിക്കല്‍ പരിശോധന പൂര്‍ത്തിയാക്കി വേണം അപേക്ഷ സമര്‍പ്പിക്കാനെന്നും ട്രാഫിക് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."