ജലവിതരണ കുഴലുകള്‍ തകര്‍ന്നു: നടപ്പാത നിര്‍മാണം വെള്ളത്തിലായി
കക്കട്ടില്‍: കുറ്റ്യാടി നാദാപുരം സംസ്ഥാന പാതയില്‍ വട്ടോളി മുതല്‍ മൊകേരി വരെ നിര്‍മിക്കുന്ന കൈവരികളോട് കൂടിയ നടപ്പാത തകര്‍ന്നു. വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പുകള്‍ പൊട്ടിയതിനെ തുടര്‍ന്നാണ് നടപ്പാതയും കൈവരിയും തകര്‍ന്നത്. രണ്ടര കോടി രൂപ ചെലവില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തിയാണ് അതോറിറ്റിയുടെ അനാസ്ഥ കാരണം വെള്ളത്തിലായിരിക്കുന്നത്.
സ്ഥിരം അപകട മേഖലയായ അമ്പലകുളങ്ങര മുതല്‍ മൊകേരി കലാനഗര്‍ വരെയുള്ള ഭാഗത്ത് വ്യത്യസ്ത അപകടങ്ങളില്‍ പതിനാറോളം ആളുകള്‍ മരിച്ചിട്ടുണ്ട്. രണ്ട് വര്‍ഷം മുന്‍പ് വട്ടോളി നാഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ രണ്ട് കുട്ടികള്‍ വാഹനമിടിച്ച് മരണപ്പെട്ടതോടെയാണ് കൈവരികളോട് കൂടിയ നടപ്പാത നിര്‍മിക്കാന്‍ സര്‍ക്കാര്‍ തുക അനുവദിച്ചത്. കക്കട്ടില്‍, മൊകേരി, വട്ടോളി തുടങ്ങിയ സ്ഥലങ്ങളില്‍ പൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം പരന്നൊഴുകുന്നതും വലിയ ഗര്‍ത്തങ്ങള്‍ രൂപം കൊള്ളുന്നതും വേനലിലുംപതിവാണ്. റോഡ് പൊട്ടിപ്പൊളിച്ച് പൈപ്പ് നന്നാക്കിയ സ്ഥലങ്ങളില്‍ വീണ്ടും വീണ്ടും പൊട്ടുന്നത് അറിയാമായിരുന്നിട്ടും ബന്ധപ്പെട്ട വകുപ്പിനെ കൊണ്ട് പ്രശ്‌നം പരിഹരിപ്പിക്കാതെ നിര്‍മാണ പ്രവൃത്തി നടത്തിയ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്. കുറ്റ്യാടി പുഴയില്‍ നിന്നുള്ള വെള്ളം കല്ലാച്ചി ഹൈസ്‌കൂളിന് മുകളിലുള്ള ജലസംഭരണിയിലെത്തിച്ച് നാദാപുരം, കല്ലാച്ചി ഭാഗങ്ങളില്‍ വിതരണം ചെയ്യുന്ന പദ്ധതിയുടെ പൈപ്പാണ് പൊട്ടുന്നത്.
നിലവാരം കുറഞ്ഞ പൈപ്പുകള്‍ ഉപയോഗിച്ചതിനാലാണ് ഇടയ്ക്കിടെ തകര്‍ച്ചയുണ്ടാകുന്നതെന്ന ആക്ഷേപം ശക്തമാണ്. വെള്ളം പാഴാവുന്നതിന് പുറമെ റോഡിന്റെ തകര്‍ച്ചയ്ക്കും പൈപ്പുപൊട്ടല്‍ കാരണമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."