രണ്ടാമതൊന്ന് ആലോചിച്ച് മതി!
മലപ്പുറം: ലോക്സഭാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നല്കുന്ന രാഷ്ട്രീയ-പ്രചാരണ പരസ്യങ്ങള്‍ക്കും ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്സ് മെസേജുകള്‍ എന്നിവയ്ക്കും ജില്ലാതല മീഡിയാ സര്ട്ടിഫിക്കേഷന് ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) യുടെ മുന്‍കൂര്‍ അനുമതി വാങ്ങണം. പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ നിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും വരണാധികാരി ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു.
ടി.വി ചാനലുകള്‍, കാബിള്‍ നെറ്റ്വര്ക്കുകള്, റേഡിയോ, പ്രൈവറ്റ് എഫ്.എം ചാനലുകള്‍, സിനിമാ ഹാളുകള്‍, ഇന്റര്‍നെറ്റ് അധിഷ്ഠിത വെബ്സൈറ്റുകള്‍, സാമൂഹിക മാധ്യമങ്ങള്‍, പൊതുസ്ഥലങ്ങളിലെ ഓഡിയോ-വിഷ്വല്‍ ഡിസ്പ്ലേകള്‍ എന്നിവിടങ്ങളില്‍ രാഷ്ട്രീയ സ്വഭാവത്തിലുള്ള പരസ്യങ്ങള്‍ നല്‍കുന്നതിനും ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്സ് മെസേജുകള്‍ എന്നിവയ്ക്കും അനുമതി വാങ്ങണം. ഇതിനായി പരസ്യങ്ങള്‍ തയാറാക്കാനുള്ള ചെലവ്, പ്രക്ഷേപണം ചെയ്യുന്നതിനുള്ള ചെലവ്, എത്ര തവണ പരസ്യം ചെയ്യും എന്നീ വിവരങ്ങള്‍ അടങ്ങിയ നിശ്ചിത രൂപത്തിലുള്ള അപേക്ഷ പരസ്യത്തിന്റെ രണ്ടു കോപ്പി സഹിതം എം.സി.എം.സി ചെയര്‍മാനായ ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കണം. അനുമതി നല്കിയ ശേഷം ഇതിന്റെ ചെലവ് വിവരങ്ങള്‍ ഷാഡോ ഒബ്സര്‍വേഷന്‍ രജിസ്റ്ററില്‍ ചേര്‍ക്കുന്നതിനായി ചെലവ് നിരീക്ഷണ വിഭാഗത്തിന് കൈമാറും. ഇലക്ട്രോണിക് മീഡിയാ പരസ്യങ്ങളുടെയും അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങള്‍, പണം നല്‍കിയുള്ള വാര്‍ത്തകള്‍ എന്നിവയുടെയും ചെലവ് സംബന്ധിച്ച വിശദാംശങ്ങള്‍ സ്ഥാനാര്‍ഥികളും രാഷ്ട്രീയപാര്‍ട്ടികളും സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."