ചര്‍ച്ചക്കായി എപ്പോഴും തയാറാണെന്ന് ഉ.കൊറിയ
കൂടിക്കാഴ്ചയില്‍ നിന്ന് പിന്‍മാറിയതില്‍ ദ.കൊറിയ ഉത്കണ്ഠ പ്രകടിപ്പിച്ചു, നിലവിലെ നയതന്ത്ര പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ച മാത്രമാണ് പരിഹാരമെന്ന് മൂണ്‍ ജോ
പോങ്യാങ്: സിംഗപ്പൂരില്‍ അടുത്ത മാസം നടക്കുന്ന കൂടിക്കാഴ്ചയില്‍ നിന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പിന്‍മാറിയെങ്കിലും ചര്‍ച്ചക്കുള്ള സന്നദ്ധത അറിയിച്ച് ഉ.കൊറിയ. യു.എസുമായുള്ള ചര്‍ച്ചക്ക് ഏത് സമയത്തും തയാറാണെന്നും ട്രംപിന്റെ തീരുമാനം ദുഃഖകരമാണെന്നും ഉ.കൊറിയയുടെ വിദേശകാര്യ മന്ത്രി കിം ക്യോ-ഗ്വാന്‍ പറഞ്ഞു.
കൂടിക്കാഴ്ച റദ്ദാക്കിയതായുള്ള പ്രഖ്യാപനം അപ്രതീക്ഷിതമാണ്. പ്രശ്‌ന പരിഹാരത്തിനായി യു.എസുമായുള്ള കൂടിക്കാഴ്ചക്ക് തങ്ങള്‍ തയാറാണെന്നും കിം ക്യോ-ഗ്വാന്‍ പറഞ്ഞു.
സിംഗപ്പൂരില്‍ അടുത്ത മാസം നടക്കാനിരിക്കുന്ന കൂടിക്കാഴ്ച റദ്ദാക്കുകയാണെന്ന് ഉ.കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് അയച്ച കത്തിലൂടെയാണ് ട്രംപ് അറിയിച്ചത്.
എന്നാല്‍ പീന്നീടൊരിക്കല്‍ കൂടിക്കാഴ്ചയാവാമെന്ന് ട്രംപ് കത്തില്‍ പറയുന്നു. ദുഃഖകരമെന്നോണം അടുത്തിടെ താങ്കള്‍ നടത്തിയ പ്രസ്താവനകളിലെ തുറന്ന ശത്രുതയും കടുത്ത കോപവും കാരണം കൂടിക്കാഴ്ച നടത്തുന്നത് അനുചിതമാണെന്ന് താന്‍ കരുതുന്നുവെന്ന് ട്രംപ് കത്തില്‍ കുറിച്ചു. ഉ.കൊറിയയിലെ ആണവ നിലയങ്ങള്‍ തകര്‍ത്ത് തങ്ങളുടെ വാക്ക് പാലിച്ച് മണിക്കൂറുകള്‍ക്ക് ശേഷമായിരുന്നു ട്രംപിന്റെ കൂടിക്കാഴ്ചയില്‍ നിന്നുള്ള പിന്‍വാങ്ങല്‍.
ഉ.കൊറിയയുടെ പ്രവൃത്തികളില്‍ അവിശ്വാസമുള്ളതിനാലാണ് കൂടിക്കാഴ്ച റദ്ദാക്കിയതെന്ന് യു.എസ് ഭരണകൂടത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉ.കൊറിയ ചെയ്ത വാഗ്ദാനങ്ങള്‍ ലംഘിച്ചിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഉ.കൊറിയയുമായുള്ള കൂടിക്കാഴ്ചയില്‍ നിന്ന് യു.എസ് പിന്‍മാറിയതില്‍ ദ.കൊറിയ ഉത്കണ്ഠ രേഖപ്പെടുത്തി. ഇരു രാജ്യങ്ങള്‍ക്കിടയിലും തകരാറിലായ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താന്‍ നിലവിലെ മാര്‍ഗം പര്യാപ്തമല്ലെന്നും സങ്കീര്‍ണമായ നയതന്ത്ര സാഹചര്യമാണിപ്പോഴുള്ളതെന്നും ദ.കൊറിയന്‍ പ്രസിഡന്റ് മൂണ്‍സ ജോ പറഞ്ഞു. ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള മാര്‍ഗം ട്രംപും കിമ്മും കൂടിക്കാഴ്ച നടത്തലാണെന്നും അദ്ദേഹം പറഞ്ഞു.
ഉ.കൊറിയയും യു.എസും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ പരിഹരിക്കാനായി മൂണ്‍ ജോ യു.എസ് സന്ദര്‍ശനം നടത്തി രണ്ട് ദിവസത്തിന് ശേഷമാണ് കൂടിക്കാഴ്ചയില്‍ നിന്ന് ട്രംപ് പിന്മാറുന്നത്.
ഉ.കൊറിയയുമായി നയതന്ത്ര ബന്ധം തുടരുമെന്ന് യു.എസ് വിദേശ കാര്യ സെക്രട്ടറി മൈക് പോംപിയോ ദ.കൊറിയന്‍ വിദേശകാര്യ മന്ത്രി കാങ് ക്യോങ്-വാക്കിന് ടെലിഫോണ്‍ സംഭാഷണത്തിലൂടെ ഉറപ്പ് നല്‍കി. ദ.കൊറിയന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."