വിപ്ലവങ്ങളുടെ ഓര്‍മ്മകളുമായി എന്‍.ഐ.ടിയില്‍ രാജന്‍ മെമ്മോറിയല്‍ സംഗീതമത്സരം
കുന്ദമംഗലം: അടിയന്തരാവസ്ഥ കാലത്ത് വിപ്ലവത്തിന്റെയും പ്രതിഷേധത്തിന്റെയും ശബ്ദമായിമാറിയ രാജന്‍ എന്ന ആര്‍.ഇ.സി വിദ്യാര്‍ഥിയുടെ സ്മരണക്കായി നടത്തിയ രാജന്‍ മെമ്മോറിയല്‍ ലളിതഗാന മത്സരം കലാസാംസ്‌കാരിക മേളയായ രാഗത്തിന് ഈണം പകര്‍ന്നു. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട രാജന്‍ കേസിലെ, രാജന്റെ ഓര്‍മപുതുക്കലാണ് രാഗം.
1976ലെ അടിയന്തരാവസ്ഥക്കാലത്ത്, അന്നത്തെ സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ സധൈര്യം പോരാടി പൊലിസ് മര്‍ദ്ദനത്തിനിരയായി രാജന്‍ കൊല്ലപ്പെട്ടെന്നാണ് ഇന്നും വിശ്വസിക്കപ്പെടുന്നത്. തെറ്റുകള്‍ക്ക് നേരെ വിരല്‍ ചൂണ്ടുന്ന യുവസമൂഹത്തിന്റെ മുഖമായ രാജന്റെ സ്മരണയ്ക്ക് 1977ലാണ്, എന്‍.ഐ.ടിയില്‍ അദ്ദേഹത്തിന്റെ സഹപാഠികള്‍ ചേര്‍ന്ന് രാജന്‍ മെമ്മോറിയല്‍ മ്യൂസിക് കോമ്പറ്റിഷന്‍ ആരംഭിച്ചത്. ഈ സംഗീതമത്സരമാണ് പിന്നീട് ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ സാംസ്‌കാരികമേളയായ രാഗമായി രൂപാന്തരപ്പെട്ടത്.
മത്സരത്തില്‍ പങ്കെടുക്കാന്‍ കേരത്തിലുടനീളമുള്ള ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്ക് അവസരം ഒരുങ്ങിയിരിക്കുകയാണ്. ഇത്തവണ രണ്ട് ഘട്ടങ്ങളിലായി ഒരുക്കിയിരിക്കുന്ന മത്സരത്തിന്റെ പ്രാഥമിക തല മത്സരം വിവിധ ജില്ലാകേന്ദ്രങ്ങളില്‍ വെച്ച് മാര്‍ച്ച് 17,18 ദിവസങ്ങളില്‍ നടത്തി.
പ്രമുഖ സംഗീതജ്ഞനായ ചന്ദ്രബോസും ഓള്‍ ഇന്ത്യ റേഡിയോ ബി ഹൈ ഗ്രേഡ് ആര്‍ട്ടിസ്‌റ് ഗാനഭൂഷണം അജിത്തും മത്സരത്തിന് വിധികര്‍ത്താക്കളായി. ശ്രേയസ്(തിരുവനന്തപുരം ഗവ:എഞ്ചിനീയറിംഗ്), ഭീമ ബഷീര്‍ (ടി കെ എം കൊല്ലം)എന്നിവര്‍വിജയികളായി. രാജന്റെ സഹപാഠിയും അന്ന് രാജന്‍ കേസില്‍ കോടതിയില്‍ മൊഴി നല്‍കുകയും ചെയ്ത തോമസ് ജോര്‍ജ് ആണ് വിജയികള്‍ക്കുള്ള സമ്മാനദാനം നിര്‍വഹിച്ചത് .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."