സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ടിട്ട് കാല്‍നൂറ്റാണ്ട്: എട്ടുവര്‍ഷമായിട്ടും വിചാരണ ആരംഭിച്ചില്ല
കോട്ടയം: ഏറെ കോളിളക്കം സൃഷ്ടിക്കുകയും കത്തോലിക്കാ സഭയെ പിടിച്ചുലയ്ക്കുകയും ചെയ്ത സിസ്റ്റര്‍ അഭയകേസിന്റെ വിചാരണ എട്ടുവര്‍ഷം പിന്നിടുമ്പോഴും വൈകുന്നു. തിരുവനന്തപുരം സി.ബി.ഐ പ്രത്യേക കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ വിചാരണ ഇപ്പോഴും ആരംഭിച്ചിട്ടില്ല. 2009 ജൂലൈ 17 നായിരുന്നു സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചത്.
എന്നാല്‍ പല കാരണത്താല്‍ കേസ് നീണ്ടുപോകുന്ന കാഴ്ച്ചയാണുള്ളത്. പ്രതികള്‍ തന്നെ പലകേസുകള്‍ ഫയല്‍ ചെയ്യുന്നത് വിചാരണ വൈകാന്‍ കാരണമാകുന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നു.
ഏതു വിധേനയും വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നത്. കുറ്റക്കാരെന്ന് സി.ബി.ഐ കണ്ടെത്തിയ ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവര്‍ ജയില്‍ വാസം അനുഭവിച്ചത് വെറും 49 ദിവസം മാത്രമായിരുന്നു.
കത്തോലിക്കാ സഭാ വൈദികര്‍ പീഡനപട്ടികയില്‍പ്പെട്ട ആദ്യകേസാണ് സിസ്റ്റര്‍ അഭയയുടേത്. വൈദികരായ രണ്ട് പ്രതികള്‍ കോണ്‍വെന്റില്‍ രാത്രിയില്‍ അതിക്രമിച്ച് കയറി അനാശാസ്യം നടത്തിയത് സിസ്റ്റര്‍ അഭയ കാണാന്‍ ഇടയായതാണ് കൊലപാതകത്തിന് കാരണമെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. 1992 മാര്‍ച്ച് 27നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണം ആത്മഹത്യയാണെന്ന ലോക്കല്‍ പൊലിസിന്റെ നിഗമനത്തെ തുടര്‍ന്ന് അന്നത്തെ കോട്ടയം നഗരസഭാ ചെയര്‍മാന്‍ പി.സി. ചെറിയാന്‍ മടുക്കാനി പ്രസിഡന്റായും ജോമോന്‍ പുത്തന്‍പുരക്കല്‍ കണ്‍വീനറായും ആക്ഷന്‍ കൗണ്‍സില്‍ രൂപികരിച്ചതോടെയാണ് കേസിന് വഴിത്തിരിവായത്. അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തെങ്കിലും ആത്മഹത്യയെന്ന നിഗമനത്തിലാണ് ക്രൈംബ്രാഞ്ചും എത്തിയത്.
പിന്നീട് 1993 മാര്‍ച്ച് 29ന് അന്വേഷണം സി.ബി.ഐ ഏറ്റെടുത്തു. തെളിവില്ലെന്ന കാരണത്താല്‍ പ്രതികളെ കണ്ടെത്താന്‍ സാധിക്കില്ലെന്ന നിലപാടിനെ തുടര്‍ന്ന് 1996ല്‍ അന്വേഷണം അവസാനിപ്പിക്കുന്നതിന് സി.ബി.ഐ കോടതിയുടെ അനുമതി തേടിയെങ്കിലും നിരസിക്കപ്പെട്ടു. തുടര്‍ന്ന് 1999ലും 2005ലും ഇതേ ആവശ്യം തള്ളിയ കോടതി തുടരന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
സിസ്റ്റര്‍ അഭയയെ കൊല്ലാന്‍ മുഖ്യ പങ്ക് വഹിച്ചത് തോമസ് കോട്ടൂര്‍ ആണെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. സിസ്റ്റര്‍ അഭയയെ തലയ്ക്ക് ആദ്യം അടിക്കുന്നത് ഫാ. കോട്ടൂരാണെന്നാണ് സി.ബി.ഐയുടെ ആരോപണം.
അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ ഫാ. തോമസ് കോട്ടൂര്‍ കോട്ടയം അതിരൂപതാ ചാന്‍സലറായി പ്രവര്‍ത്തിക്കുകയായിരുന്നു. രണ്ടാം പ്രതിയായ ഫാ. ജോസ് പുതൃക്കയില്‍ അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ കാസര്‍കോട് ജില്ലയിലെ രാജപുരം സെന്റ്. പയസ് ടെന്‍ത് കോളജിലെ പ്രിന്‍സിപ്പലും മലയാളം അധ്യാപകനുമായിരുന്നു.
അഭയ കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കൊപ്പം കുറ്റകൃത്യങ്ങളില്‍ പങ്കുചേര്‍ന്ന വ്യക്തിയാണ് സിസ്റ്റര്‍ സ്‌റ്റെഫിയെന്നാണ് സി.ബി.ഐയുടെ കണ്ടെത്തല്‍. രണ്ടു വൈദികരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് സിസ്റ്റര്‍ സ്‌റ്റെഫിക്ക് കൊലയുമായി ബന്ധമുള്ള കാര്യം സി.ബി.ഐക്ക് കണ്ടെത്താനായത്. അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ സിസ്റ്റര്‍ സ്‌റ്റെഫി തിരുവല്ല സെന്റ് ജോസഫ് കോണ്‍വെന്റിലെ അന്തേവാസിയായിരുന്നു.
പതിനഞ്ചു വര്‍ഷം മുന്‍പ് തിരുവനന്തപുരത്തെ ചീഫ് കെമിക്കല്‍ എക്‌സാമിനേഷന്‍ ലബോറട്ടറിയില്‍ നടത്തിയ പരിശോധനാ റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതായി റിപ്പോര്‍ട്ടു വന്നതോടെയാണ് കേസ് വീണ്ടും വിവാദത്തിലായത്. ഇതിനിടെ സിസ്റ്റര്‍ അഭയയുടെ കൊലപാതകക്കേസ് അന്വേഷിച്ച മുന്‍ എ.എസ.്‌ഐ വി.വി. അഗസ്റ്റിന്‍ 2008 നവംബര്‍ 25ന് ആത്മഹത്യ ചെയ്യുകയും ചെയ്തു.
കേസന്വേഷണത്തിന്റെ ഒരുഘട്ടത്തില്‍ അഗസ്റ്റിന്‍ മാപ്പു സാക്ഷിയാകാന്‍ തയാറായിരുന്നു. പിന്നീട് അദ്ദേഹം നിലപാടു മാറ്റി.
2008 ഒക്ടോബര്‍ 18, 19 തിയതികളിലായി ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സ്‌റ്റെഫി എന്നിവരെ സി.ബി.ഐ അറസ്റ്റു ചെയ്തു. അഭയ താമസിച്ചിരുന്ന പയസ് ടെന്‍ത് കോണ്‍വെന്റിനു സമീപത്തു താമസിക്കുന്ന സഞ്ജു പി. മാത്യു നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."