നീതി നിഷേധത്തിന്റെ 18 ആണ്ടുകള്‍ പിന്നിട്ട് 160 കുടുംബങ്ങള്‍
കല്‍പ്പറ്റ: കൈവശ ഭൂമിക്ക് നികുതി സ്വീകരിക്കാത്തതിനാല്‍ ദുരിതം പേറി നീതി നിഷേധത്തിന്റെ 18 ആണ്ടുകള്‍ പിന്നിടുകയാണ് ജില്ലയിലെ 160 കുടുംബങ്ങള്‍.
വൈത്തിരി താലൂക്കിലെ കോട്ടപ്പടി വില്ലേജില്‍ ഉള്‍പ്പെട്ട ആനപ്പാറ, വീട്ടിക്കാട് പ്രദേശത്തെ 160 കുടുംബങ്ങള്‍ക്കാണ് ഈ ദുരവസ്ഥ. 1960 മുതല്‍ ഈ കുടുംബങ്ങള്‍ കൈവശം വെക്കുന്നതും കൃഷിയിറക്കിയതും വീട് വെച്ചതുമായ ഭൂമികളാണ് 18 വര്‍ഷം മുന്‍പ് മുതല്‍ നികുതി സവീകരിക്കാതായത്.
1976 മുതലുള്ള പട്ടയങ്ങളും 1998 വരെയുള്ള നികുതി ചീട്ടുകളുമുള്ള നാല് സെന്റ് മുതല്‍ 50 സെന്റ് വരെ വരുന്ന ഭൂമിയാണ് ഇവിടുത്തുകാര്‍ കൈവശം വെച്ചിരിക്കുന്നത്. പട്ടികജാതി-വര്‍ഗ വിഭാഗക്കാരും ന്യൂനപക്ഷങ്ങളും തിങ്ങിപ്പാര്‍ക്കുന്ന ഇവിടത്തുകാരില്‍ 90 ശതമാനം ആളുകളും ബി.പി.എല്ലുകാരുമാണ്. ഇവരൊക്കെ തോട്ടം തൊഴിലാളികളോ, കൂലിവേലക്കാരോ ആയാണ് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഇവിടത്തുകാര്‍ മക്കളുടെ വിവാഹങ്ങള്‍ക്കോ വിദ്യാഭ്യാസത്തിനോ പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. ഉള്ള ഭൂമി പണയപ്പെടുത്തി പണം കണ്ടെത്താമെന്ന് കരുതിയാല്‍ നികുതി സ്വീകരിക്കാത്ത ഭൂമിയായതിനാല്‍ ധനകാര്യ സ്ഥാപനങ്ങള്‍ ഭൂമി ഈട് സ്വീകരിച്ച് പണം നല്‍കാനും കൂട്ടാക്കുന്നില്ല.
രണ്ട് ക്ഷേത്രങ്ങള്‍, ഒരു മുസ്‌ലിം പള്ളി, മദ്‌റസ, പ്രൈമറി ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി മുതലായവയെല്ലാം പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ അധികൃതര്‍ ഇവരുടെ ഭൂമിക്ക് നികുതി സവീകരിക്കില്ലെന്ന നിലപാടിലാണ്. 98ലെ നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ് ഇവരുടെ ഭൂമിയുടെ നികുതി സ്വീകരിക്കുന്നത് നിര്‍ത്തിവെച്ചത്.
എന്നാല്‍ തുടര്‍ന്ന് വന്ന സര്‍ക്കാരുകളൊന്നും ഇവരുടെ ഭൂമിയുടെ റീസര്‍വേ അപാകതകള്‍ പരിഹരിക്കാനോ നികുതി പുനസ്ഥാപിക്കാനോ തയാറായില്ല. എന്നാല്‍ ഇവരെല്ലാവരും ഓരോ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും മുറതെറ്റാതെയെത്തി തങ്ങള്‍ ഭരണത്തിലെത്തിയാല്‍ നാട്ടുകാരുടെ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് ഘോരഘോരം പ്രഖ്യാപനം നടത്താറുണ്ട്. മുഖ്യമന്ത്രി, പ്രതപക്ഷ നേതാവ്, വനംമന്ത്രി, റവന്യൂ മന്ത്രി, എം.പി, എം.എല്‍.എ തുടങ്ങി മാറിമാറിവരുന്ന എല്ലാ സര്‍ക്കാരുകളുടെ കാലത്തും നാട്ടുകാര്‍ പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് നിവേദനങ്ങള്‍ നല്‍കാറുണ്ട്.
എന്നാല്‍ നാളിതുവരെയായി നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല. അവസാനത്തെ പ്രതീക്ഷയെന്ന നിലക്ക് മനുഷ്യാവകാശ കമ്മിഷനെ സമീപിക്കാനൊരുങ്ങുകയാണ് നാട്ടുകാരുടെ കൂട്ടായ്മ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."