പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ഉപയോഗപ്പെടുത്തും: പട്ടികവര്‍ഗ കോളനികളില്‍ വിദഗ്ധ ചികിത്സയ്ക്ക് ടെലി മെഡിസിന്‍ സംവിധാനം
മലപ്പുറം: ജില്ലയിലെ പട്ടികവര്‍ഗ കോളനികളില്‍ രോഗികള്‍ക്കു വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതിനു ടെലി മെഡിസിന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നു ജില്ലാ കലക്ടര്‍ അമിത് മീണ. ജില്ലയിലെ ഇ-ഗവേണന്‍സ് സൗകര്യങ്ങള്‍ അവലോകനം ചെയ്യുന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.
ഇതിനായി കോളനികളില്‍ പാരാമെഡിക്കല്‍ സ്റ്റാഫിന്റെ സേവനം ഉപയോഗിക്കും. പദ്ധതി നടത്തിപ്പിനു ബി.എസ്.എന്‍.എല്ലുമായി ധാരണയുണ്ടാക്കും. നെടുങ്കയം കോളനിയില്‍ അക്ഷയ സെന്റര്‍ തുടങ്ങുന്നതിനും തീരുമാനമായി. ജില്ലാ കലക്ടര്‍ക്കു താലൂക്ക് ഓഫിസുകളുമായുള്ള ദൈനദിന ഇടപെടലുകള്‍ വേഗത്തിലും സുതാര്യവുമാക്കുന്നതിനായി കലക്ടറേറ്റും താലൂക്കുകളുമായി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും കലക്ടര്‍ അറിയിച്ചു.
നിലവില്‍ താലൂക്കുതല അവലോകനങ്ങള്‍ക്കു മാത്രമായി ജില്ലാ കലക്ടര്‍ കലക്ടറേറ്റില്‍ യോഗം വിളിച്ചുചേര്‍ക്കുകയാണ് പതിവ്. തിരൂരങ്ങാടി താലൂക്കില്‍ ഗുണഭോക്താക്കള്‍ക്ക് അനൂകല്യങ്ങള്‍ നല്‍കുന്നതിന് ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയര്‍ പരീക്ഷണാടിസ്ഥാനത്തില്‍ മുഴുവന്‍ താലൂക്കുകളിലും ഉപയോഗിക്കും. ടി.ബി, കാന്‍സര്‍, കുഷ്ഠരോഗം എന്നിവയ്ക്കു നല്‍കുന്ന ആനൂകൂല്യം വേഗത്തില്‍ ലഭ്യമാക്കുന്നിതിനു തിരൂരങ്ങാടി തഹസില്‍ദാര്‍ പി. ഷാജുവാണ് ഈ സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചെടുത്തത്. ആനൂകൂല്യം സംബന്ധിച്ചുള്ള വിവരം എസ്.എം.എസ് വഴി നേരത്തെ ലഭ്യമാക്കാന്‍ ഇതുവഴി സാധിക്കും.
പെരിന്തല്‍മണ്ണ, ഏറനാട് താലൂക്ക് ഓഫിസുകളില്‍ ഇ-ഓഫിസ് സംവിധാന ഉടന്‍ നടപ്പിലാക്കും. തിരൂര്‍ ആര്‍.ഡി ഓഫിസില്‍ ജൂലൈയിലും പദ്ധതി പൂര്‍ണമായി നടപ്പിലാക്കും. യോഗത്തില്‍ അസി. കലക്ടര്‍ വികല്‍പ് ഭരദ്വാജ്, എന്‍.ഐ.സി ജില്ലാ കോഡിനേറ്റര്‍ പ്രതീഷ്, എ.ഡി.എം വി. രാമചന്ദ്രന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.യു അരുണ്‍, എ. നിര്‍മലകുമാരി, അക്ഷയ ജില്ലാ പ്രൊജക്ട് മാനേജര്‍ ഇഷാഖ് കെ.വി.എം പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."