ഓട്ടുപാറ ബസ്സ്റ്റാന്റ് കെട്ടിടം ജീര്‍ണാവസ്ഥയില്‍
വടക്കാഞ്ചേരി : നഗരസഭയുടെ കീഴിലുള്ള ഓട്ടുപാറ ബസ്സ്റ്റാന്റ് യാത്രക്കാരുടെ ദുരിത കേന്ദ്രമാകുന്നു.
ബസ് സ്റ്റാന്റിനോടു ചേര്‍ന്ന വാണിജ്യ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന കെട്ടിടം കാലപഴക്കം മൂലം അതീവ ജീര്‍ണ്ണാവസ്ഥയിലാണ്.
കോണ്‍ക്രീറ്റ് അടര്‍ന്നു വീഴുന്നതു നിത്യസംഭവമാകുമ്പോഴും ഭീതിയോടെ കഴിയേണ്ട അവസ്ഥയിലാണ് വ്യാപാരികളും ബസ് കാത്തിരിപ്പ് കേന്ദ്രത്തില്‍ ബസ് കാത്തു നില്‍ക്കുന്നവരും.
ജില്ലാ സഹകരണ ബാങ്ക് ശാഖയടക്കം നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിയ്ക്കുന്ന ഇരുനില കെട്ടിടത്തിന്റെ സണ്‍ഷൈഡുകള്‍ മുഴുവന്‍ ചോര്‍ന്നൊലിയ്ക്കുന്ന സ്ഥിതിയാണ്.
ആല്‍ മരവും പൊന്തക്കാടുകളും കെട്ടിടമാകെ നിറയുകയാണ്. ഇതു ഷോപ്പിങ് കോംപ്ലക്‌സിനെ കൂടുതല്‍ ദുര്‍ബലമാക്കുകയാണ്.അരനൂറ്റാണ്ടു മുന്‍പ് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എന്‍ നമ്പീശന്‍ നിര്‍മിച്ച കെട്ടിടം പിന്നീടു അറ്റകുറ്റപ്പണിയൊന്നും നടത്താതെ മുന്നോട്ടു പോവുകയായിരുന്നു.
ഇതിനോടൊപ്പം നിര്‍മിച്ച കംഫര്‍ട്ട് സ്റ്റേഷന്‍ ബ്ലോക്ക് പൊളിച്ചു മാറ്റിയിട്ടു വര്‍ഷം ഒന്നായിട്ടും പുതിയതു നിര്‍മിക്കാന്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. ഇതും ബസ്സ്റ്റാന്റിലെത്തുന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള നൂറു കണക്കിനു പേരെ ദുരിതത്തിലാക്കുകയാണ്. ബസ് കാത്തു നില്‍ക്കുന്ന സ്ഥലം വ്യാപാരികളുടെ പിടിയിലാണ്.
സാധന സാമഗ്രികള്‍ ഫുട്പാത്തിലേക്കു ഇറക്കി വച്ചിരിയ്ക്കുന്നതിനാല്‍ ബസുകള്‍ കടന്നു പോകുന്ന സ്ഥലത്തു ബസിനു കാത്തു നില്‍ക്കേണ്ട സ്ഥിതിയാണ്.
ഇതു പലപ്പോഴും അപകടങ്ങളും ക്ഷണിച്ചു വരുത്തുകയാണ്.
മഴ ആരംഭിച്ചതോടെ ചെളിക്കുളമായി മാറിയിരിക്കുകയാണ് ബസ് സ്റ്റാന്റ്. ബസുകള്‍ കടന്നു പോകുമ്പോള്‍ ചെളിവെള്ളം ശരീരത്തിലേയ്ക്കു തെറിയ്ക്കുന്നതും നിത്യസംഭവമാണ്.
ബസ് സ്റ്റാന്റ് കെട്ടിടം ആധുനിക രീതിയില്‍ അടിയന്തരമായി പുനര്‍നിര്‍മിക്കണമെന്ന ആവശ്യം ശക്തമാണ്. അതിനു നടപടി ഉണ്ടായില്ലെങ്കില്‍ വന്‍ ദുരന്തം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."